നായ്ക്കളെ കാവൽ നിർത്തി വീട്ടിൽ മയക്കുമരുന്ന് കച്ചവടം; പ്രതികൾ പിടിയിൽ
text_fieldsആറ്റിങ്ങൽ: കവലയൂർ കൊടിതൂക്കികുന്നിൽ വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. മണമ്പൂർ കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ നീലൻ എന്ന ഷൈൻ (31), കരവാരം നെടുംപറമ്പ് കുന്നിൽ വീട്ടിൽ ബിജോയ് (23), അവനവഞ്ചേരി പാട്ടത്തിൽവിള ദേവിപ്രിയയിൽ രാഹുൽ (26) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും കടയ്ക്കാവൂർ പൊലീസും ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയത്. 10.10 ഗ്രാം എം.ഡി.എം.എ, 650 ഗ്രാം കഞ്ചാവ്, ഒ.സി.ബി പേപ്പർ, 130000 രൂപ, 4 മൊബൈൽ ഫോൺ, ഇലക്ട്രിക് ത്രാസ് എന്നിവ കണ്ടെത്തുകയായിരുന്നു. നായ്ക്കളെ അഴിച്ചുവിട്ട് ഉപദ്രവിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. ഷൈനും ബിജോയിയും ലഹരി വ്യാപാര സംഘങ്ങളിലെ പ്രധാനികളാണ്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി രാസിത്ത്, കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് ടീം ആണ് റെയ്ഡ് നടത്തിയത്.
പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.