ലഹരി ഇടപാട്; മഹല്ല് കമ്മിറ്റിക്ക് മാപ്പെഴുതി നൽകി യുവാക്കൾ
text_fieldsകാസർകോട്: ലഹരിക്കെതിരെ നിലപാട് ശക്തമാക്കിയതോടെ മാപ്പെഴുതി നൽകി കേസിൽ കുടുങ്ങിയ യുവാക്കളുടെ പിൻമാറ്റം. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തില്ലെന്നും മഹല്ല് കമ്മിറ്റിയിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മാപ്പെഴുതി നൽകുകയാണ് യുവാക്കൾ. ഇതോടെ, ലഹരിക്കെതിരെ പൊലീസുമായി സഹകരിച്ച് മഹല്ല് കമ്മിറ്റികൾ നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കാണുന്നുവെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ പടന്നക്കാട് അൻസാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്ക് മാത്രം മൂന്ന് മാപ്പപേക്ഷകളാണ് ഇതിനകം ലഭിച്ചത്. മയക്കുമരുന്നു ഇടപാടുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെയാണ് കമ്മിറ്റി ഇതിനകം നടപടിയെടുത്തത്. ജമാഅത്ത് കമ്മിറ്റിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളുമായി മഹല്ല് കമ്മിറ്റി പൂർണമായും വിട്ടുനിൽക്കുകയുമാണ് ചെയ്തിരുന്നത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളുടെ വിവാഹത്തിന് വധുവിന്റെ വീട്ടുകാർക്ക് നൽകുന്ന സമ്മതപത്രം കമ്മിറ്റി നൽകിയില്ല. ഇതെല്ലാം സജീവ ചർച്ചയായതോടെയാണ് യുവാക്കളുടെ മനംമാറ്റം. ലഹരിക്കെതിരായ നിലപാട് വലിയ മാറ്റമുണ്ടാക്കിയതായി പടന്നക്കാട് അൻസാറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സി.എം. അബൂബക്കർ പറഞ്ഞു. മാപ്പെഴുതി തരുന്നവരുടെ പ്രവർത്തനങ്ങൾ കമ്മിറ്റി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ഒട്ടേറെ മഹല്ല് കമ്മിറ്റികൾ ലഹരിക്കെതിരായ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. കീഴൂർ പടിഞ്ഞാറ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദിവസങ്ങൾക്കു മുമ്പ് മൂന്നുപേരെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി നല്ലനടപ്പ് ശീലിക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്തശേഷമാണ് മാപ്പ് സ്വീകരിക്കുന്നത്. ചില കമ്മിറ്റികൾ ഇതിനായി നിശ്ചിത സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ലഹരിക്കെതിരെ ജനമുന്നേറ്റം
ചെമ്മനാട്: ലഹരിക്കെതിരെ ജന മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കൊമ്പനടുക്കം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊമ്പനടുക്കം നൂറുൽ ഹുദ മദ്റസ ഹാളിൽ വിദ്യാർഥികൾക്ക് ചിത്രരചന മത്സരങ്ങൾ നടത്തി. കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റാസിഖ് നജ്മി തലശ്ശേരി ക്ലാസെടുത്തു. ബി.എച്ച്. അബ്ദുൽ ഖാദർ, ബി.എച്ച്. തദ്ബീർ, അമീർ അബ്ദുല്ല, ആബിദ് അലി, മുഹമ്മദ് സബാഹ് ചെമ്മനാട്, കെ.ടി. മുഹമ്മദ് കോലത്തൊട്ടി, അഹമ്മദലി എന്നിവർ നേതൃത്വം നൽകി. നാസർ കുരിക്കൾ, ഷംസുദ്ദീൻ ചിറാക്കൽ എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.