200 കോടിയുടെ മയക്കുമരുന്ന് വേട്ട: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsകൊച്ചി: എറണാകുളത്ത് 200 കോടിയുടെ എം.ഡി.എം.എ (മെത്തിലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂര്‍ കടമ്പൂര് കുണ്ടത്തില്‍ മീര നിവാസില്‍ പ്രശാന്ത് കുമാറാണ് (36) പിടിയിലായത്. സെപ്റ്റംബർ 29നാണ് എക്സൈസ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എം.ജി റോഡിലെ പാർസൽ സ്ഥാപനത്തിൽനിന്ന് 30 കിലോ എം.ഡി.എം.എ പിടികൂടിയത്.
പ്രശാന്ത് കുമാറിെൻറ കൂട്ടാളിയും ചെന്നൈ സ്വദേശിയുമായ അലി എന്നയാൾക്കുവേണ്ടി അന്വേഷണം നടന്നുവരുകയാണെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർസൽ സർവിസ് വഴി എഗ്മൂറിൽനിന്ന് രവിപുരെത്ത ഗോഡൗണിലേക്ക് സാരികൾ അടങ്ങിയ കാർട്ടൺ ബോക്സിൽ അയച്ച എം.ഡി.എം.എ ആണ് പിടികൂടിയത്. എയർ കാർഗോ വഴി മലേഷ്യയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ആഗസ്റ്റിൽ ഇവർ ഇതേ രീതിയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് മലേഷ്യയിലേക്ക് കടത്തിയതായി വ്യക്തമായിട്ടുണ്ട്.
എന്നാൽ, മലേഷ്യയിലെ വിലാസവും കൊറിയർ ചാർജും നൽകാത്തതുകൊണ്ടും ചെന്നൈയിൽനിന്ന് നേരിട്ട് അയക്കാമെന്നിരിക്കെ വീണ്ടും കൊച്ചി വഴി അയക്കാൻ ശ്രമിച്ചതിലും സംശയം തോന്നിയ കൊറിയർ സ്ഥാപന ഉടമയാണ് എക്സൈസിൽ അറിയിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ശ്രീരാഗ്, പ്രിവൻറിവ് ഓഫിസർ സത്യനാരായണൻ എന്നിവർ ചെന്നൈയിലെത്തി തമിഴ്നാട് നാർകോട്ടിക് ഡിപ്പാർട്മെൻറിെൻറ സഹായത്തോടെയാണ് പ്രശാന്തിനെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച് അസി. എക്സൈസ് കമീഷണർ ടി.എ. അശോക് കുമാറിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പ്രശാന്ത്കുമാർ വളർന്നതും പഠിച്ചതും വിവാഹം ചെയ്തു താമസിക്കുന്നതും ചെന്നൈയിലാണ്. മയക്കുമരുന്ന് കടത്തിനുപിന്നില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിനും പങ്കുണ്ടെന്നാണ് വ്യക്തമായത്. വളരെ വിലകൂടിയ ഇനത്തിൽപെട്ട എം.ഡി.എം.എ ഇത്ര വലിയ അളവില്‍ പിടികൂടുന്നത് ഇന്ത്യയില്‍തന്നെ ആദ്യമാണ്. പിടിച്ചെടുത്ത മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ ഗ്രാമിന് 65,000 രൂപയോളം വിലയുണ്ട്. സാധാരണഗതിയില്‍ 10 മില്ലിഗ്രാമില്‍ താഴെയാണ് ഒരുസമയത്തെ ഉപയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.