ലഹരി വേട്ട: നൈജീരിയൻ സ്വദേശിനിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും
text_fieldsനെടുമ്പാശ്ശേരി: ലഹരിമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും. വിമാനത്താവളത്തിൽ കോടികളുടെ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്.
തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ഹോട്ടലിലെത്തി ഇവരെ പിടികൂടുകയായിരുന്നു.2.20 ലക്ഷം രൂപ ഇവരിൽനിന്ന് പിടിച്ചെടുത്തു.ലഹരിമരുന്നുമായി എത്തുമ്പോൾ പ്രതിഫലമായി മുരളീധരൻ നായർക്ക് കൈമാറാനുള്ള തുകയായിരുന്നു ഇത്. യുകാമ ഇമ്മാനുവേല ഒമിഡുമിനെ കസ്റ്റംസ് ഡൽഹി കോടതിയിൽ ഹാജരാക്കി. കൊച്ചിയിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ഇവരെ ട്രാൻസിറ്റ് റിമാൻഡ് മുഖേന ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും.
മുരളീധരൻ നായരെ തിങ്കളാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.സിംബാബ്വെയിൽനിന്ന് ദോഹ വഴി ഞായറാഴ്ച കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരിൽ നിന്ന് കോടികൾ വില വരുന്ന 18 കിലോ മെഥാക്വിനോൾ പിടികൂടിയിരുന്നു.
ഖത്തർ എയർവേസ് വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയശേഷം എയർ ഏഷ്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് സിയാൽ സുരക്ഷ വിഭാഗം മുരളീധരൻ നായരെ പിടികൂടിയത്. ഇയാൾ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.