മരുന്നുമാറി കുത്തിവെപ്പ്: സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ; എൻ.എച്ച്.എം നഴ്സിനെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ പത്തുവയസുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ നടപടി. സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരായ ഷിനു ചെറിയാൻ, അഭിരാമി എന്നിവർക്കെതിരെ ജില്ല മെഡിക്കൽ ഓഫിസറാണ് നടപടി സ്വീകരിച്ചത്. സ്റ്റാഫ് നഴ്സായ ഷിനു ചെറിയാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും എൻ.എച്ച്.എം നഴ്സ് അഭിരാമിയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഴ്സിങ് സൂപ്രണ്ടിന് നോട്ടിസ് നൽകി. സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് സൂപ്രണ്ട് സ്നേഹലതയോടാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചത്.
കണ്ണമ്മൂല സ്വദേശിയുടെ മകന് കഴിഞ്ഞ 30ന് മരുന്നുമാറി കുത്തിവെപ്പ് എടുത്തെന്നാണ് ബന്ധുക്കളുടെ പരാതി. പ്രാഥമിക അന്വേഷണത്തിൽ ഇരുവർക്കും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിലാണ് കുട്ടി. മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
പനിക്ക് ചികിത്സ തേടി എത്തിയ കുട്ടിക്ക് ഒരുതവണ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ വീണ്ടും ഒന്നുകൂടി നൽകുകയായിരുന്നു. രണ്ടാമത്തെ കുത്തിവെപ്പിന് പിന്നാലെ ഛർദ്ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ട കുട്ടിയെ ഉടൻ എസ്.എ.ടിയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.