പൊലീസ് ജീപ്പിന് മുകളിൽ കയറി ചില്ല് ചവിട്ടി തകർത്തു, നാട്ടുകാർക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമം, പിടികൂടിയത് അതിസാഹസികമായി
text_fieldsഅരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കിണറടപ്പിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസ് ജീപ്പിൻറെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്.ഐ വി സിജിത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 തോടെയാണ് സംഭവം.
യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് മേൽ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇയാളെ ഒരു നിലയിലും തടയാൻ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികൾ അരീക്കോട് പൊലീസിനെ വിവരം അറിയിച്ചത്.
ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടിൽ കയറി ഒളിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് അരീക്കോട് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ യുവാവ് പൊലീസ് ജീപ്പിന് മുകളിൽ കയറി ജീപ്പിന്റെ മുൻവശത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും അരീക്കോട് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ ബലം ഉപയോഗിച്ച് അരീക്കോട് പൊലീസിന്റെ നേതൃത്വത്തിൽ ജീപ്പിൽ കയറ്റിയാണ് പിന്നീട് സ്റ്റേഷനിൽ എത്തിച്ചത്. യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്നയാളാണ്. ഇയാൾക്കെതിരെ മറ്റു കേസുകളും നേരെത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ പ്രതി മയക്കുമരുന്ന് ലഹരിയിൽ തന്നെ നിലവിലുള്ള സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതി ഹാജരാക്കുമെന്നും അരീക്കോട് പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനിടയിൽ ഒരു പൊലീസുകാരന് വീണ് പരിക്കേറ്റിട്ടുണ്ട്. എസ്.ഐ അനീഷ് സിവിൽ പൊലീസ് ഓഫീസർമാരായ സിസിത്ത്, സൈഫുദ്ദീൻ എന്നിവരാണ് യുവാവിന് പിടികൂടി പിന്നീട് സ്റ്റേഷനിൽ എത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.