എസ്.എ.ടിയിൽ വ്യാജ ബില്ലുകൾ നൽകി കോടികൾ തട്ടി മരുന്ന് മാഫിയ
text_fieldsകോഴിക്കോട് : കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായ തിരുവനന്തപുരം അവിട്ടം തിരുന്നാൾ ഹോസ്പിറ്റലിൽ (എസ്.എ,ടി) ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി( എച്ച്.ഇ.എസ്) യുടെ ഇൻഹൗസ് ഗ്രഡ് ബാങ്കിൽ (ഐ.എച്ച്.ഡി.ബി) കോടികളുടെ മരുന്ന് കൊള്ളയെന്ന് ധനകാര്യ റിപ്പോർട്ട്. സൊസൈറ്റിയുടെ കീഴിൽ 2002ലാണ് ഐ.എച്ച്.ഡി.ബി പ്രവർത്തനം ആരംഭിച്ചത്. നിർധനരായ രോഗികൾക്ക് മിതമായ നിരക്കിൽ മുരുന്നുകളും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും നിൽകുന്നതിനാണ് ഇത് തുടങ്ങിയത്.
ഐ.എച്ച്.ഡി.ബിയിൽ മരുന്നുകൾ വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട് കുത്തഴിഞ്ഞ സംവിധാനമാണ് നിലവിലുള്ളത്. ഇത് ഐ.എച്ച്.ഡി.ബി യുടെ ചുമതലക്കാരായ ഫാർമസിസ്റ്റുകൾ മരുന്നുകളുടെ അനധികൃത വിൽപനയും പണം തിരിമറിയും നടത്തിയതായി പരിശോധനയിൽ കണ്ടെത്തി.
ട്രിച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നവെന്ന് പറയുന്ന രവി എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന് 2017 ജനുവരി മുതൽ മരുന്ന് നൽകിയിരുന്നു. ഈ സ്ഥാപനവുമായി നടത്തിയ ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തി. ഈ സ്ഥാപനം നിലവിലുള്ളതായോ ആ സ്ഥാപനവുമായി ഐ.എച്ച്.ഡി.ബി ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തിയതിന്റെയോ യാതൊരുവിധ രേഖകളും ലഭ്യമല്ല. 2017 ജനുവരി മുതൽ ജൂലൈ വരെ ഈ സ്ഥാപനത്തിന് മരുന്നുകൾ നൽകിയ കാഷ് ബില്ലുകളുടെ പകർപ്പുകൾ പരിശോധിച്ചതിൽ ബില്ലുകളെല്ലാം ഡോ. രാജേഷ്, ഡോ. ജോസഫ്, ഡോ. അനിത, ഡോ. മണിയൻ, കരുണാകരൻ എന്നിങ്ങനെ പല പേരുകളിലുള്ള വ്യാജ ബില്ലുകളാണെന്ന് കണ്ടെത്തി. ഏതാണ്ട് 1,73,73,988 രൂപയുടെ ബില്ലുകളാണ് കണ്ടെത്തിയത്.
ഒരു ബില്ലിൽ അഞ്ഞൂറ് മുതൽ ആയിരം വരെയുള്ള എണ്ണമായിട്ടാണ് വിൽപ്പന നടത്തിയിരിക്കുന്നത്. വൃക്ക, ഹൃദയം, കരൾ എന്നിവ മാറ്റിവെക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ കഴിഞ്ഞ രോഗികൾക്കുളള മരുന്നാണ്. ഈ മരുന്ന് രോഗിയുടെ ശരീരത്തിൽ ആൻറി റിജക്ഷൻ മരുന്ന് ആയിട്ടാണ് പ്രവർത്തിക്കുന്നത്. ചിലത് കാൻസർ രോഗത്തിനുള്ള മരുന്നാണ്. ഈ വ്യാജ പേരിലുളള ബില്ലുകൾ പരിശോധിച്ചതിൽ
ഐ.എച്ച്.ഡി.ബിയിൽ നിന്നും മരുന്നുകൾ മറിച്ചു വിറ്റ് ലാഭം കൊയ്യുന്ന ഒരു ലോബി പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. ഇത് കാരണം നിർധനരും രോഗങ്ങൾക്ക് അടിപ്പെട്ടവരുമായവർക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭിക്കുന്നതിനുള്ള അവസരമാണ് നിഷേധിച്ചത്. രവി എൻറർപ്രൈസസ് എന്ന സ്ഥാപനം നിലവിലുണ്ടായിരുന്നുവെന്ന് ഉറപ്പില്ല. സീനിയർ ഫാർമസിസ്റ്റ് ആയ സുഭാഷ് പറഞ്ഞതനുസരിച്ച് രവി എൻറർപ്രൈസസിന്റെ ആസ്ഥാനം ട്രിച്ചിയാണ്.
എന്നാൽ രവി എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേര് ഐ.എച്ച്.ഡി.ബിയിലെ ഫാർമസിസ്റ്റുകൾ പറയുന്നതല്ലാതെ ഈ സ്ഥാപനവുമായി ഐ.എച്ച്.ഡി.ബി എന്തെങ്കിലും മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയതിന് യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. ഈ പേരിൽ സൊസൈറ്റിയിൽ തന്നെ ഇത്തരത്തിൽ ഒരു മരുന്ന് മാഫിയ ലോബി പ്രവർത്തിച്ചിരുന്നതായി ധനകാര്യ പരിശോധനാ വിഭാഗം സംശയിക്കുന്നു. പാവപ്പെട്ട രോഗികൾക്ക് മരുന്നു കിട്ടാതിരിക്കുകയും പുറത്തുള്ള മരുന്നു കടകളിലേക്ക് പല പേരുകളിൽ മറിച്ച് വിൽക്കുന്നുണ്ടോ സംശയമുണ്ട്.
സൊസൈറ്റി മേലുദ്യോഗസ്ഥരുടെയോ അക്കൗണ്ട്സ് ഓഫീസർ സൂപ്രണ്ട് എന്നിവരുടെയോ അനുമതിയില്ലാതെ ചീഫ് ഫാർമസിസ്റ്റ് ആയ എ. ബിജുയും സീനിയർ ഫാർമസിസ്റ്റ് ആയ പി.എസ്. സുഭാഷും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ഫാർമസിസ്റ്റുകളും സ്വന്തം നിലക്ക് ഇടപാടുകൾ നടത്തി. ഈ ബില്ലുകളുടെ തുക അടച്ചിരിക്കുന്നത് ആറും ഏഴും മാസങ്ങൾക്ക് ശേഷമാണ്. ഇത് താൽകാലിക പണാപഹരണം ആണ്. ഇത് ഐ.എച്ച്.ഡി.ബിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഈ തുക ഐ.എച്ച്.ഡി.ബി അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടായ കാലയളവിലേക്ക് 18 ശതമാനം പിഴപ്പലിശ ഉൾപ്പെടെ കണക്കാക്കി ഐ.എച്ച്.ഡി.ബിയിലെ ചീഫ് ഫാർമസിസ്റ്ററായ എ. ബിജു, സീനിയർ ഫാർമസിസ്റ്റ് പി.എസ്. സുഭാഷ് എന്നിവരിൽ നിന്നും ഈ ബില്ലുകൾ കൈകാര്യം ചെയ്ത ഫാർമസിയിലെ മറ്റ് ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും തുല്യമായി ഈടാക്കേണ്ടതും ഇവർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
രവി എന്റർപ്രൈസസ് എന്ന പേരിൽ ഹാജരാക്കിയ വ്യാജ പേരിലുള്ള ബില്ലുകൾ പരിശോധിച്ചതിൽ ഐ.എച്ച്.ഡി.ബിയിൽ നിന്നും മരുന്നുകൾ മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന ഒരു ലോബി പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. ഇത് കാരണം നിർധനരായ രോഗികൾക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭിക്കുന്നതിനുള്ള അവസരമാണ് നിഷേധിച്ചത്. രവി എന്റർപ്രൈസസ് എന്ന സ്ഥാപനം നിലവിൽ ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല. രവി എന്റർപ്രൈസസ് എന്ന പേരിൽ സൊസൈറ്റിയിൽ തന്നെ ഇത്തരത്തിൽ ഒരു മരുന്ന് മാഫിയ ലോബി പ്രവർത്തിച്ചിരുന്നതായി ധനകാര്യ പരിശോധനാ വിഭാഗം സംശയിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും നിജസ്ഥിതി മനസിലാക്കുന്നതിനും ഐ.എച്ച്.ഡി.ബിയിലെ ജീവനക്കാരുൾപ്പെടെയുള്ളവരുടെ പണമിടപാടുകൾ വിശദമായി പരിശോധിക്കണം. അതിനാൽ വിഷയത്തിൽ പൊലീസ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ രണ്ടാമത്തെ ശിപാർശ.
ഐ.എച്ച്.ഡി.ബിയിലെ രേഖകളും ബില്ലുകളും പരിശോധിച്ചതിൽ മരുന്നുകളുടെ ഓർഡർ സ്വീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിലില്ല. ഫോൺ മുഖേനയും ഇ-മെയിൽ -വാട്സ് അപ്പ് മെസേജുകൾ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുന്നതെന്ന് സീനിയർ ഫാർമസിസ്റ്റ് സുഭാഷ് അറിയിച്ചു. മൊത്തവിതരണക്കാരിൽ നിന്നും മരുന്നുകൾക്കുള്ള ഓർഡറുകൾ മെസേജുകളായി സീനിയർ ഫാർമസിസ്റ്റ് സുഭാഷിന്റെ വ്യക്തിഗത മൊബൈൽ ഫോണിലേക്കാണ് വരുന്നത്. ദിവസം ശരാശരി 35 ലക്ഷം രൂപയുടെ ഇടപാടുകൾ നടക്കുന്ന ഐ.എച്ച്.ഡി.ബിയിൽ മരുന്നുകൾ വാങ്ങുന്നതും അതിനുള്ള പണം വിതരണക്കാർക്ക് നൽകുന്നതും ഏതാനും ഫാർമസിസ്റ്റുകളുടെ നേതൃത്വത്തിൽ തികച്ചും സുതാര്യത പാലിക്കാതെയാണ്.
മുപ്പതോളം ഫാർമസിസ്റ്റുകളും ഒരു ചീഫ് ഫാർമസിസ്റ്റും ഒരു സീനിയർ ഫാർമസിസ്റ്റുമടങ്ങിയ ഐ.എച്ച്.ഡി.ബിയിൽ മരുന്നുകളും മറ്റനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതും വില്പന നടത്തുന്നതും പൂർണമായും ചീഫ് ഫാർമസിസ്റ്റിൻറെ ചമതലയും ഉത്തരവാദിത്തവുമാണ്. മരുന്ന് വാങ്ങൽ, വില്പന, മൊത്ത വിതരണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ, മരുന്ന് വില്പനയിലൂടെ ലഭിക്കുന്ന പണം കൃത്യമായി ബാങ്കിൽ അടക്കുന്നത്, വിതരണക്കാരായ കമ്പനികൾക്ക് പണം നൽകുന്നത് എന്നിങ്ങനെ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടേയോ സൊസൈറ്റിയുടെ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവരുടേയോ യാതൊരു തരത്തിലുള്ള ഔദ്യോഗിക നിർദേശങ്ങളും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.