മലയാളിയുടെ സൽപ്പേരിനുമേൽ ലഹരിയുടെ വിഷക്കറ
text_fields2024 സെപ്റ്റംബറിൽ ഖത്തർ ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐ.സി.ബി.എഫ്) ചേർന്ന് അംബാസഡർ വിപുലിന്റെയും സൈനിക-വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഒരു അസാധാരണ ബോധവത്കരണ പരിപാടി ആരംഭിച്ചിരുന്നു. ലഹരിക്കെതിരെ ശക്തമായ നിയമസംവിധാനങ്ങളുള്ള രാജ്യത്തെ വെല്ലുവിളിച്ച് അധോലോക റാക്കറ്റുകളുടെ ഭാഗമായോ ഇരകളായോ ഗൾഫ് നാടുകളിലെത്തി കുടുങ്ങരുതെന്ന് പ്രവാസികൾക്ക് കർശന താക്കീത് നൽകുകയായിരുന്നു ഈ കാമ്പയിന്റെ ലക്ഷ്യം.
ഖത്തറിൽ മാത്രം 120ലേറെ ഇന്ത്യക്കാരാണ് ലഹരിക്കടത്ത് കേസുകളിൽ ജയിലുകളിലുള്ളത്. ഇതിൽ 14 പേർ വനിതകളാണ്. കൂടുതൽ ഇന്ത്യക്കാർ പ്രവാസികളായുള്ള സൗദി അറേബ്യയിലാവട്ടെ 500ലേറെ ഇന്ത്യക്കാരാണ് ലഹരിക്കടത്ത് കേസുകളിൽ ശിക്ഷ അനുഭവിക്കുന്നത്. അവരിൽ രണ്ടുപേർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. ബഹ്റൈനിലും നൂറിലേറെപേർ ലഹരിക്കേസിൽ ശിക്ഷ അനുഭവിക്കുന്നു. യു.എ.ഇ, കുവൈത്ത്, ഒമാൻ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
കഠിനാധ്വാനികളും വിദ്യാസമ്പന്നരുമെന്ന മേൽവിലാസമാണ് മലയാളികൾക്ക് ഇന്നും അറബ് സമൂഹത്തിനിടയിലുള്ളത്. അവരുടെ വിശ്വാസ്യതയെ ഗൾഫ് നാടുകളിലെ ഭരണാധികാരികൾപോലും പ്രശംസിക്കാറുണ്ട്. എന്നാൽ, ഈ പെരുമയും പ്രശസ്തിയും ക്ഷയിപ്പിക്കുന്നതാണ് ലഹരിക്കേസുകളിലെ മലയാളികളുടെ വർധിത സാന്നിധ്യം.
ചെറുലാഭം മോഹിച്ച് ജീവിതം ഹോമിക്കരുത്
കേരളത്തിലെ വടക്കൻ ജില്ലയിൽനിന്നുള്ള കൗമാരക്കാരന്റെ കഥ പറഞ്ഞത് ഖത്തറിലെ സാമൂഹിക പ്രവർത്തകനാണ്. ഒരു കിടിലൻ ബൈക്ക് വാങ്ങാൻ മോഹിച്ചു നടന്ന അവനെ നാട്ടിലെ ഒരു സുഹൃത്താണ് മയക്കുമരുന്ന് ഏജന്റുമായി ബന്ധിപ്പിച്ചത്. ഒരുപാട് പേർ കാരിയർമാരായി ഗൾഫിൽ പോയി വരുന്നുണ്ടെന്നും അവരെല്ലാം മാസങ്ങൾകൊണ്ട് ഇഷ്ടവാഹനങ്ങൾ സ്വന്തമാക്കിയെന്നുമുള്ള ഏജന്റിന്റെ വാക്കുകളിൽ അവനും വീണു. മുൻപിൻ നോക്കാൻ നിൽക്കാതെ ബംഗളൂരു വഴി പുറപ്പെട്ടു. അവിടെനിന്ന് സംഘം നൽകിയ പാർസലും വാങ്ങി വിമാനം കയറി ദോഹയിലെത്തിയതിനു പിന്നാലെ പിടിയിലായി. ഭാവിയെക്കുറിച്ചോ വരുംവരായ്കകളെ കുറിച്ചോ ചിന്തിക്കാതെ നടത്തിയ എടുത്തുചാട്ടത്തിന് ശിക്ഷ 10 വർഷത്തെ കഠിനതടവ്. മകൻ പിടിയിലായശേഷം മാത്രം സംഭവമറിയുന്ന രക്ഷിതാക്കൾ നിയമസഹായം ലഭ്യമാക്കാൻപോലും നിർവാഹമില്ലാതെ വിധിയെ പഴിച്ച് കാലം കഴിച്ചുകൂട്ടുന്നു.
ഒരു കുഞ്ഞും അറിയാത്തവിധത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നതെന്നും പിടിക്കപ്പെടാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നും പറഞ്ഞ് ഏജന്റുമാർ നൽകുന്ന മോട്ടിവേഷനിലാണ് തുടക്കക്കാരായ പ്രവാസികളും തൊഴിലന്വേഷിച്ച് വിസിറ്റിന് വരുന്നവരും വീണുപോകുന്നത്. എന്നാൽ, കഞ്ചാവ്, ഹഷീഷ്, ഹെറോയിൻ, എം.ഡി.എം.എ മുതൽ സിന്തറ്റിക് ഡ്രഗുകളും പുതുതലമുറയിലെ മരുന്നുകളും മറ്റു നിരോധിത മരുന്നുകളുമെല്ലാം ഞൊടിയിട വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന പരിശോധനാ സംവിധാനങ്ങളാണ് ജി.സി.സി രാജ്യങ്ങളെല്ലാം പിന്തുടരുന്നത്. അത്യാധുനിക മെഷീനുകൾ ഉപയോഗിച്ച് ലഗേജ് സ്ക്രീനിങ് നടത്തിയും നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ സഹായത്തോടെ യാത്രക്കാരുടെ ശരീരഭാഷപോലും വിശകലനം ചെയ്തും ലഹരി കണ്ടെത്താനും നിയമവിരുദ്ധ പ്രവൃത്തികൾ തടയാനും സജ്ജമാണ് എല്ലാ ഗൾഫ് രാജ്യങ്ങളും. കസ്റ്റംസ്, സുരക്ഷാ ജീവനക്കാർക്ക് അന്താരാഷ്ട്ര ഡ്രഗ് ട്രാഫിക് തടയാൻ യു.എൻ നേതൃത്വത്തിൽ വിവിധ ഏജൻസികൾ വഴി നിരന്തര പരിശീലനവും നൽകുന്നുണ്ട്. സാങ്കേതികവിദ്യയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും സംവിധാനങ്ങളുമുള്ള കാലത്ത് ഏജന്റുമാരുടെ വാക്കുകളിൽ വിശ്വസിച്ച് ജീവിതം ഹോമിക്കാൻ നിൽക്കരുതെന്നാണ് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഓർമപ്പെടുത്തുന്നത്.
ടി.കെ. മനാഫ്, നജീം കൊച്ചുകലുങ്ക്, ബിനീഷ് തോമസ് എന്നിവരുടെ റിപ്പോർട്ടുകളോടെ.... (തുടരും)
കൊച്ചി-തായ്ലൻഡ്-ഗൾഫ്; ലഹരിക്കടത്തിന് പുതിയ റൂട്ട്
കൊച്ചിയിൽനിന്ന് തായ്ലൻഡ് വഴി ദുബൈയിലേക്കും ദോഹയിലേക്കും ലഹരിയുമായെത്തി പിടിയിലാകുന്ന മലയാളികളുടെ എണ്ണവും സമീപകാലത്ത് വർധിക്കുന്നതായി ഖത്തറിലെ ജയിലുകളിൽ തടവുകാരെ സന്ദർശിക്കുന്ന ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനാ ഭാരവാഹികൾ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ് തായ്ലൻഡ് ഇപ്പോൾ. ഇവിടെനിന്ന് ലഹരി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള കടത്തുകാരെ വലവീശിപ്പിടിക്കുന്നത് കേരളത്തിലെ ഏജന്റുമാരാണ്. ഗൾഫിൽ തൊഴിലവസരമുണ്ടെന്ന് പറഞ്ഞാണ് വാഗ്ദാനം തുടങ്ങുന്നത്. പുറപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് കൊച്ചിയിൽനിന്നും കോഴിക്കോടുനിന്നും ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ യാത്ര തായ്ലൻഡ് വഴിയാണെന്ന് ഏജന്റിന്റെ അറിയിപ്പെത്തുക.
ഖത്തറിലേക്കുള്ള തൊഴിൽ വിസയിൽ പുറപ്പെടാനിരിക്കെ യാത്രക്ക് രണ്ടുദിവസം മുമ്പു മാത്രം കൊച്ചി-തായ്ലൻഡ്-ദോഹ ടിക്കറ്റ് ലഭിച്ച് വന്ന മലപ്പുറം സ്വദേശിയുടെ അനുഭവമാണ് സാമൂഹിക പ്രവർത്തകർ പങ്കുവെച്ചത്. തായ്ലൻഡിലെത്തിയതിന്റെ അടുത്ത ദിവസം കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ ചെറിയ ബാഗ് ഏൽപിച്ചു. ദോഹയിലിറങ്ങിയപ്പോൾ പിടിച്ചെടുത്തത് ആ ബാഗിൽ ഒളിപ്പിച്ചിരുന്ന മുന്തിയ ഇനം ലഹരി. തായ്ലൻഡ് വഴിയുള്ള ലഹരിയാത്രയിൽ മലയാളികൾ അറസ്റ്റിലാവുന്ന സംഭവം ഏതാനും മാസങ്ങൾക്കുള്ളിൽ ആവർത്തിച്ചതായി സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.