അങ്കമാലിയിലും നെടുമ്പാശ്ശേരിയിലും രാസലഹരി ശേഖരം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
text_fieldsഅങ്കമാലി: ബുധനാഴ്ച രാത്രി അങ്കമാലി ടൗണിൽ വച്ചും, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി കരിയാട് വളവിൽ വച്ചും വൻ രാസലഹരി ശേഖരം പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 350 ഗ്രാം എം.ഡി.എം.എയും, അര കിലോ കഞ്ചാവും, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുമാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദേശീയപാത കരിയാട് വളവിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസാണ് കാറിൽ കടത്തുകയായിരുന്ന രാസലഹരി പിടികൂടിയത്. ആലുവ കുട്ടമശ്ശേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. പൊലീസ് പരിശോധന തുടരുകയാണ്.
അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 70 ഗ്രാം രാസ ലഹരിയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് മട്ടാഞ്ചേരിയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്ന എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി അറക്കൽ വീട്ടിൽ അജു എന്ന ജോസഫാണ് പിടിയിലായത്. ബംഗളൂരുവിലെ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയതെന്ന് വെളിപ്പെടുത്തി. ഉയർന്ന വിലക്ക് മൊത്തമായും, ചില്ലറയായും ലഹരി പദാർത്ഥങ്ങൾ ഇയാൾ പതിവായി വിൽപ്പന നടത്തി വരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ലഹരി വില്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിലവിൽ കേസുകളുള്ളതായും പൊലീസ് പറഞ്ഞു. കേസിന്റെ നടത്തിപ്പ് ചെലവിലേക്ക് വേണ്ടിയാണ് വീണ്ടും മയക്കുമരുന്ന് വിൽപ്പന രംഗത്തേക്ക് വന്നതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. അതേ സമയം ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും ആർക്കെല്ലാം വിൽപ്പന നടത്തുന്നുവെന്നകാര്യവും കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ല നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അനിൽകുമാറിന്റെയും ആലുവ ഡിവൈ.എസ്.പി പ്രസാദിന്റെയും നിർദ്ദേശാനുസരണം അങ്കമാലി പൊലീസും റൂറൽ ജില്ല ഡാൻസാഫ് ടീമും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.