കൊറിയറായി മയക്കുമരുന്ന് കടത്ത്: അറസ്റ്റിലായത് ഗോവയിലെ മലയാളി ഡോൺ
text_fieldsകോഴിക്കോട്: കളിപ്പാട്ടങ്ങളുടെ മറവിൽ കൊറിയർ വഴി ഗോവയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശി സാക്കിർ ഹുസൈൻ വർഷങ്ങളായി ഈ രംഗത്തുള്ളയാളെന്ന് എക്സൈസ്. ആർക്കിടെക്റ്റ് ബിരുദധാരിയായ ഇദ്ദേഹം ജോലിക്കായി ഗോവയിലെത്തി ഡീജെ പാർട്ടികളുടെ ഭാഗമായി ലഹരി ഇടപാടിൽ സജീവമാകുകയായിരുന്നു.
കേരളത്തിൽ നിന്ന് ഗോവയിലെത്തുന്നവരെ കണ്ണികളാക്കി അവരുടെ പേരിലാണ് കൊറിയറായി ലഹരിവസ്തുക്കൾ കൈമാറിയതും ശൃംഖലവളർത്തി ഇയാൾ ഈ മേഖലയിലെ പ്രധാനിയായതും. ഒരു വർഷത്തോളമായി എക്സൈസ് പിന്നിലുണ്ടായിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗോവയിൽ സാക്കി എന്നപേരിലറിയപ്പെട്ട സാക്കിർ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി മൂന്നു മാസംമുമ്പ് ക്രൂര ആക്രമണത്തിനും ഇരയായി.
തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ഗോവയിലെ ഫ്ലാറ്റിൽ ഒപ്പം താമസിച്ച മഹാരാഷ്ട്രക്കാരിയായ സ്ത്രീയാണ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. ചികിത്സക്കൊടുവിൽ വിശ്രമത്തിനായി നാട്ടിലെത്തിയെന്ന് വിവരം ലഭിച്ചതോടെ കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ. എൻ. ബൈജുവും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ നവംബർ 22ന് ചേലേമ്പ്രയിലെ വാടക വീട്ടിൽ നിന്ന് മാരക മയക്കുമരുന്നുമായി പെരുമണ്ണ സ്വദേശി കളത്തിങ്ങൽ റമീസ് റോഷൻ, മുസ്ല്യാരങ്ങാടി സ്വദേശി പാമ്പോടൻ ഹാശിബ് ഷഹീൻ എന്നിവരെ പരപ്പനങ്ങാടി എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് കണ്ടെടുത്ത എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ ഗോവയിൽ നിന്നും കൊറിയർ മുഖേന എത്തിയതാണെന്ന് വ്യക്തമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ശാസ്ത്രീയാന്വേഷണത്തിലാണ് സാക്കിർ ഹുസൈെൻറ പങ്ക് വ്യക്തമായത്. തൃശൂർ, എറണാകുളം ജില്ലകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.