അതിർത്തിയിൽ ലഹരി നുരയുന്നു; കടത്താൻ വിദ്യാർഥികളും സ്ത്രീകളും
text_fieldsകുമളി: ഹൈറേഞ്ചിലെ പ്രധാന പട്ടങ്ങളിലൊന്നായ കുമളിയിൽ ലഹരി വ്യാപാരം ‘ഹൈ’റേഞ്ചിലെത്തി. ലഹരി കടത്തിന് ഇടനിലക്കായി സ്ത്രീകളും വിദ്യാർഥികളും വരെ സജീവമായതോടെ എന്തു ചെയ്യണമെന്നറിയാതെ അധികൃതർ. കഞ്ചാവ് മുതൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വരെ സുലഭമായി കുമളിയുടെ വിവിധ ഭാഗങ്ങളിൽ ലഭ്യമാക്കുന്ന മാഫിയയാണ് ഹൈറേഞ്ചിൽ പ്രവർത്തിക്കുന്നത്. ടൗണിലെ ചില പെട്ടിക്കടകൾ കേന്ദ്രീകരിച്ച് ലഹരി ചേർത്ത പുകയില ഉൽപന്നങ്ങൾ ധാരാളമായി വിൽക്കുന്നു.
തൊഴിലാളി സ്ത്രീകൾ, വിദ്യാർഥികൾ, കൂലിപ്പണിക്കാർ എന്നിവരാണ് ഉപയോഗിക്കുന്നതിൽ ഏറെയും. കുമളി ബസ്സ്റ്റാൻഡ് പരിസരത്ത് നാല് കടകളിലും തേക്കടിക്കവല, ഒന്നാം മൈൽ, ചെളിമട, റോസാപ്പൂക്കണ്ടം ആനവിലാസം ഭാഗങ്ങളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ സജീവമാണ്. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവ്, കമ്പം, ഗൂഢല്ലൂർ എന്നിവിടങ്ങളിൽ വെച്ചാണ് പാക്കറ്റുകളാക്കുന്നത്.
ഇവിടെനിന്ന് ചരക്കു വാഹനങ്ങൾ, കെട്ടിട നിർമാണ സാമഗ്രഹികൾ കൊണ്ടുവരുന്ന ചില വാഹനങ്ങൾ എന്നിവ വഴിയാണ് അതിർത്തി കടക്കുന്നത്. അടുത്തിടെ കുമളി അട്ടപ്പള്ളത്തുനിന്ന് വിൽപനക്കെത്തിച്ച 5.8 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മാസങ്ങൾക്ക് മുമ്പ് കുമളി സർക്കാർ സ്കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിർത്തിയിട്ട കാറിൽനിന്ന് 18 കിലോ കഞ്ചാവും പിടികൂടിയിരുന്നു.
വൻതോതിൽ കഞ്ചാവ് എത്തിച്ച് കുമളിയിലും പരിസരങ്ങളിലും ചില്ലറ വിൽപനക്ക് നൽകുന്നതിനു പുറമെ കോട്ടയം, എറണാകുളം, ആലപ്പുഴ ഉൾപ്പെടെ ജില്ലകളിലേക്കും എത്തിച്ചു നൽകുന്നു. കുമളിയിൽ ഇരുചക്രവാഹനത്തിലെത്തി കഞ്ചാവ് വാങ്ങുന്ന യുവാക്കളുമുണ്ട്. തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം, ആനവച്ചാൽ, ഒട്ടകത്തലമേട്, അമരാവതി, അട്ടപ്പള്ളം മേഖലകളിലും കഞ്ചാവ് വിൽക്കുന്ന സംഘങ്ങൾ സജീവമാണ്. സ്റ്റഫ്, ഇല, മഞ്ഞൾ എന്നൊക്കെയുള്ള അപരനാമത്തിലാണ് കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ വിൽപന. തേക്കടി കവലയിലെ ഷോപ്പിങ് കോംപ്ലക്സിന് പിന്നിലെ പാർക്കിങ് ഏരിയ, ഒട്ടകത്തലമേട്ടിലെ ഒരു കേന്ദ്രം എന്നിവിടങ്ങളിലെത്തിച്ചാണ് എം.ഡി.എം.എ കൈമാറ്റം.
കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നുമാണ് കോളജ് വിദ്യാർഥികളായ ചിലർ വഴി എം.ഡി.എം.എ അതിർത്തി കടന്നെത്തുന്നതെന്നാണ് വിവരം. ഒട്ടകത്തലമേട്ടിലെ കേന്ദ്രത്തിൽ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന ലഹരി പാർട്ടി നടക്കുന്നതായ വിവരം പൊലീസ് ഇന്റലിജൻസ് വിഭാഗം കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. ഇവയുടെ പ്രധാന ഉപഭോക്താക്കൾ വിദ്യാർഥികളും സ്ത്രീകളും തേക്കടിയിലെത്തുന്ന ടൂറിസ്റ്റുകളിൽ ചിലരുമാണെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.
ലഹരി പറക്കുന്നു: അധികൃതർ ഇഴയുന്നു
കുമളിയിലും പരിസരങ്ങളിലും ലഹരിയുടെ ഉപയോഗവും വിപണനവും പതിന്മടങ് വർധിച്ചിട്ടും കാര്യമായ നടപടികളൊന്നുമില്ലാതെ എക്സൈസ്, പൊലീസ് അധികൃതർ ഇഴയുന്നു. നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ, കഞ്ചാവ് എന്നിവ വിൽപന തുടർന്നിട്ടും കണ്ടില്ലെന്ന ഭാവമാണ് അധികൃതർക്കെന്ന് നാട്ടുകാർ പറയുന്നു.
അടുത്തിടെ അതിർത്തി ജില്ലയായ കമ്പത്ത് 31 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പൊലീസ് ആന്ധ്രയിലെത്തി മൊത്ത വിതരണക്കാരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കുമളിയിൽ രണ്ട് തവണയായി 23.8 കിലോ കഞ്ചാവ് പിടികൂടിയിട്ടും തുടർ അന്വേഷണം ഉണ്ടായില്ല. വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ ഉൾപ്പെടെ മയക്കുമരുന്ന് മാഫിയയുടെ പിടിയിലായിട്ടും കാര്യമായ ഇടപെടൽ നടത്താൻ പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് കഴിയുന്നില്ല. മാഫിയയിലുള്ളവരുമായി ഇരുവകുപ്പുകളിലെയും ചില ഉദ്യോഗസ്ഥർ തുടരുന്ന ബന്ധവും ഇവരുടെ ബിനാമികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കൾ, വാഹനങ്ങൾ എന്നിവ സംബന്ധിച്ചും ഇന്റലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ചെളിമട, തേക്കടി കവല എന്നിവിടങ്ങളിലെ ചില കടകളിലാണ് ലഹരി കടത്ത് നൽകുന്ന പണം ഉദ്യോഗസ്ഥർ സൂക്ഷിക്കാൻ ഏൽപിക്കുന്നതെന്നാണ് പുറത്തുവന്ന വിവരം. ഇതിനിടെ, അതിർത്തി കടന്നെത്തുന്ന ലഹരി കണ്ടെത്താൻ എക്സൈസ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഇൻസ്പെക്ടറില്ലാതായിട്ട് മാസങ്ങളായി. വണ്ടിപ്പെരിയാർ റേഞ്ചിൽ വാഹനവുമില്ല.
നശിക്കുന്ന തലമുറ: കണ്ണീരുമായി മാതാപിതാക്കൾ
സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ കൈയിൽ ലഹരിയുടെ പാക്കറ്റുകൾ, പുകയില ഉൽപന്നങ്ങൾ, ലഹരി ചേർന്ന മിഠായികൾ എന്നിവയെല്ലാം കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കളും അധ്യാപകരും. കുട്ടികളിൽനിന്ന് ലഹരി സാധനങ്ങൾ അധ്യാപകർ കണ്ടെടുക്കുന്നത് പതിവാണെങ്കിലും ജീവൻ അപകടത്തിലാകുമെന്ന പേടിയിൽ അധ്യാപകരാരും ഇക്കാര്യങ്ങൾ പുറത്തു പറയാറില്ല.
മാത്രവുമല്ല, അന്വേഷണവും നടക്കാറില്ല. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിച്ചു നൽകാൻ മാത്രം ഇരുചക്രവാഹനത്തിൽ ചുറ്റുന്ന സംഘവും പല ഭാഗത്തുമുണ്ട്. ഇവരുടെയൊന്നും പിന്നാലെ ഓടിയെത്താൻ വാഹനവും ജീവനക്കാരുമില്ലാത്തതിനാൽ എക്സൈസിന് കഴിയാറില്ല. പഠനത്തിനായി പോകുന്ന മക്കൾ ലഹരി പാർട്ടികളിൽ പങ്കെടുക്കുകയും ലഹരി വ്യാപാരവും കടത്തുന്നതിന്റെ ഇടനിലക്കാരുമാകുന്ന ദുരന്തം കണ്ട് കണ്ണീരൊഴുക്കുകയാണ് മാതാപിതാക്കളിൽ മിക്കവരും. ചോദ്യം ചെയ്യുന്നവരെ പോക്സോ ഉൾപ്പെടെ കള്ളക്കേസുകളിൽ കുടുക്കാൻ മാഫിയ സജീവമായതിനാൽ ലഹരി പുകയുന്ന വഴിയിൽ മാഫിയയുടെ അഴിഞ്ഞാട്ടമാണ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.