ലഹരിക്കടത്ത്: ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ; വേണ്ടത്ര ജാഗ്രത പാലിച്ചില്ല
text_fieldsആലപ്പുഴയിലെ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ അത് പരിശോധിക്കും.
വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കടത്ത്: സി.പി.എം അംഗത്തെ പുറത്താക്കി, ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷന്
കരുനാഗപ്പള്ളിയില്‍ വാഹനപരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ച കേസില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കാനും ഏരിയ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്യാനും സി.പി.എം തീരുമാനം. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസിനാണ് സസ്പെൻഷന്.
ആലപ്പുഴ സീവ്യൂ ബ്രാഞ്ച് അംഗം ഇജാസ് ഇക്ബാലിനെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ചൊവ്വാഴ്ച രാത്രി അവസാനിച്ച ജില്ല സെക്രേട്ടറിയറ്റിലാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗം, സംഭവത്തിൽ വിശദ അന്വേഷണത്തിനും തീരുമാനമെടുത്തു.
ഷാനവാസിന്‍റെ ലോറിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിലാണ് പാർട്ടി നടപടിയെടുത്തത്. അറസ്റ്റിലായ ഇജാസ് ഉൾപ്പെടെ പ്രതികൾ റിമാൻഡിലാണ്. ഷാനവാസിനെതിരായ പരാതി അന്വേഷിക്കാൻ അന്വേഷണക്കമീഷനെ നിയോഗിച്ചതായും ജില്ല സെക്രട്ടറി ആർ. നാസർ അറിയിച്ചു.
വാഹനം വാങ്ങിയത് പാർട്ടിയിൽ അറിയിച്ചില്ലെന്നും വാഹനം വാടകക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തിയതായി ജില്ല സെക്രട്ടറി പറഞ്ഞു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, ജി. വേ ണുഗോപാൽ, ബാബുജാൻ എന്നിവരാണ് അന്വേഷണ കമീഷൻ അംഗങ്ങൾ. ഏരിയ നേതൃത്വം അടിയന്തിര യോഗം ചേർന്ന് തിങ്കളാഴ്ച വിഷയം ചർച്ച ചെയ്തെങ്കിലും വാഹനം വാടകക്ക് നൽകിയതെന്ന വിശദീകരണമാണ് ഷാനവാസ് നൽകിയത്.
12 ഏരിയ കമ്മിറ്റി അംഗങ്ങൾ ഷാനവാസിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ മാത്രം നടപടി ആവശ്യപ്പെട്ടു. ലോറി വാടകക്ക് നൽകിയതാണെന്ന വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. കട്ടപ്പന സ്വദേശി പി.എസ്. ജയന് ഈ മാസം ആറിന് വാടകക്ക് നൽകിയെന്ന രേഖയാണ് ഹാജരാക്കിയത്.
കഴിഞ്ഞദിവസം പുലർച്ച കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിൽനിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. ആറിന് കരാറുണ്ടാക്കിയതായി പറയുന്ന ലോറി ഞായറാഴ്ച പുലർച്ച 2.30നാണ് പിടിയിലാകുന്നത്.
രണ്ടുദിവസം മുമ്പുണ്ടാക്കിയതായി പറയുന്ന വാടകക്കരാറിൽ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ല. വാടകക്ക് എടുത്തതായി രേഖയിലുള്ള ജയന്‍റെ വിലാസത്തിലും വ്യത്യാസമുണ്ട്. പ്രതിമാസം 55,000 രൂപക്ക് വാടകക്ക്, രണ്ട് ദിവസം മുമ്പ് മാത്രമാണ് 11 മാസത്തേക്ക് കരാറുണ്ടാക്കിയിട്ടുള്ളത്. ലഹരി വസ്തുക്കൾ കടത്തുന്നതിന് ചമച്ചതാണ് ഈ കരാറെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.