Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരി ഉപയോഗം:...

ലഹരി ഉപയോഗം: ആശങ്കയുയർത്തി എക്‌സൈസ് വകുപ്പി​െൻറ സര്‍വേ

text_fields
bookmark_border
excise
cancel

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം. എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്. പുകവലിക്കുന്ന രീതിയിലാണ് ഭൂരിപക്ഷം ലഹരി ഉപയോഗിക്കുന്നത്. കൂടുതല്‍പ്പേരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. ഈ സര്‍വേയിലെ കണ്ടെത്തലുകള്‍, സമൂഹത്തിന്റെ മൊത്തം ചിത്രമാകണമെന്നില്ലെന്നും എന്നാല്‍, കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച ചില ദിശാസൂചനകള്‍ ഇത് മുന്നോട്ടുവെക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആകെ 20 ചോദ്യങ്ങളായിരുന്നു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിശദമായ പഠനം എസ്.പി.സി. കേഡറ്റ്‌സിന്റെ സഹകരണത്തൊടെ ആരംഭിച്ചിട്ടിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ നിന്നും വിവര ശേഖരണം നടത്തി സമഗ്രമായ സര്‍വ്വേയാണ് നടക്കുന്നത്. ലഹരിയുടെ ഉറവിടം, ഉപയോഗിക്കപ്പെടുന്ന പ്രധാന ലഹരി പദാര്‍ത്ഥങ്ങള്‍, കൗമാരക്കാര്‍ ലഹരിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണങ്ങള്‍ എന്നിവ ഒന്നാം ഭാഗമായും, വിമുക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും തുടര്‍ നിര്‍ദേശങ്ങളും രണ്ടാം ഭാഗമായും, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ശക്തിപ്പെടുത്തല്‍ സംബന്ധിച്ച് മൂന്നാംഭാഗമായും സര്‍വ്വേ നടക്കും.

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍:
സര്‍വ്വെയില്‍ പങ്കെടുത്ത ലഹരിയുമായി സംബന്ധിച്ച കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികളില്‍ നിന്നും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗണ്‍സെലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളില്‍ 97 % പേര്‍ ഒരു തവണയെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരാണ്.
ലഹരി ഉപയോഗങ്ങളില്‍ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാര്‍ത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവില്‍ 77.16% പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5%പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.
ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേര്‍. സ്വാധീനം മൂലം 72%വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5% പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.
ആദ്യം ഉപയോഗിച്ച ലഹരി ഏത് എന്നായിരുന്നു ഒരു ചോദ്യം. 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66%വും, കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33%വുമാണ്.
79 % വ്യക്തികള്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി പദാര്‍ത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5%മാണ്. സര്‍വേയുടെ ഭാഗമായവരില്‍ 38.16% പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുള്ളവരാണ്.
70%വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20%മാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% ലഹരി ഉപയോഗം ആരംഭിച്ചത്.
46 % വ്യക്തികളും ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കുന്നവരാണ്.
ലഹരി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ചോദിച്ചപ്പോള്‍, മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് കൂട്ടുകാരോടൊപ്പമാണെന്നാണ്. 80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20%പേര്‍ ലഹരി ഉപയോഗിക്കുന്നു. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്. അതേപോലെ, 46% പേരും ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ ലഹരി ഉപയോഗിക്കുന്നവരാണ്.
94.16 % വ്യക്തികളും പുകവലിക്കുന്ന രീതിയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്.
77.16 % വ്യക്തികളും നിലവില്‍ പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.
ലഹരി ഉപയോഗിക്കുന്നവരില്‍ 61.5%ത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52%ശതമാനത്തിനുമുണ്ട്. ഉറക്കം സംബന്ധിക്കുന്ന പ്രശ്‌നമുള്ളവരാണ് 38.6% പേരും. അക്രമ സ്വഭാവമുള്ള 37%വും ഡിപ്രഷനുള്ള 8.8%വും ഓര്‍മ്മ പ്രശ്‌നമുള്ള 8.6%വും ആളുകളുണ്ട്.
കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള (37.3 %) വ്യക്തികളില്‍ 4.83 % പേര്‍മാത്രമാണ് രണ്ടില്‍ കൂടുതല്‍ തവണ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളത്.
വീണ്ടും ലഹരി ഉപയോഗിക്കാനും ലഹരിക്കടത്തിനും തയ്യാറാകാനുള്ള കാരണം ലഹരിയോടുള്ള ആസക്തി കൊണ്ടാണെന്ന് 16.66% അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങളാണ് പിന്നിലെന്ന് അഭിപ്രായപ്പെട്ടവരാണ് 11.16%.
ലഹരി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ 39.83%ത്തിനും ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ട്. 9.6%ത്തിന് ഇപ്പോളും പശ്ചാത്തപമില്ല.
കുറ്റാരോപിതരില്‍ 38.16 % പേര്‍ ലഹരി ഉപയോഗത്തിന് തന്റെ സുഹൃത്തുക്കളെകൂടി പ്രലോഭിപ്പിച്ചിട്ടുളളവരാണ്.
കുറ്റാരോപിതരില്‍ 41.5% പേര്‍ കൗണ്‍സിലിംഗിന് വിധേയരായിട്ടുളളവരാണ്.
കുറ്റാരോപിതരില്‍ 30.78% പേര്‍ ചികിത്സക്ക് വിധേയരായിട്ടുളളവരാണ്.
ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 32 % പേര്‍ വിമുക്തി മിഷന്റ വിവിധ പരിപാടികളില്‍ പങ്കെടുക്കണമെന്നും അവരുടെ സുഹൃത്തുക്കളെക്കൂടി കൗണ്‍സെലിംഗിനും ചികിത്സക്കും വിധേയരാക്കുവാനും താല്‍പ്പര്യം പ്രകടിപ്പിച്ചവരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise department
News Summary - Drug Use: Excise Department Survey
Next Story