'ലഹരിയോട് നോ പറഞ്ഞാൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ’
text_fieldsമദ്യത്തിന് കുടുംബങ്ങളിൽ സ്വീകാര്യത കൂടുന്നത് കുട്ടികളിൽ ലഹരി ആസക്തിയുണ്ടാക്കുന്നു
കോഴിക്കോട്: ‘ഹായ്’ പറഞ്ഞുവരുന്ന ലഹരിയോട് തുടക്കത്തിലേ ബൈ പറഞ്ഞാൽ ജീവിതം ‘സുന്ദരമാകും’. അല്ലാത്തപക്ഷം ദാമ്പത്യബന്ധം തകരുന്നതിന്റെയും പിതാവ് മകൾക്കുനേരെ പോലും ലൈംഗികാതിക്രമം കാട്ടുന്നതിന്റെയുമൊക്കെ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കും.
കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ മൂന്നുവർഷത്തിനിടെ സ്വന്തം പിതാവിൽനിന്നും അമ്മയുടെ രണ്ടാം ഭർത്താവിൽനിന്നുമായി ലൈംഗികാതിക്രമം നേരിട്ട സംഭവങ്ങളിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാലിലെയും പ്രതികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരായിരുന്നു.
ഒരു കേസിൽ കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചായിരുന്നു ലൈംഗിക പീഡനത്തിനിരയാക്കിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് കുടുംബകോടതിയിൽ വിചാരണ നടക്കുന്ന വിവാഹ മോചന കേസുകളിൽ മുപ്പത് ശതമാനത്തോളം കുടുംബ ബന്ധങ്ങളെയും തകർത്തുതുടങ്ങിയത് മദ്യവും മയക്കുമരുന്നുമാണെന്നും കാണാനാവും. ലഹരിയുടെ ‘ബാലപാഠങ്ങൾ’ മിക്ക കുട്ടികളും കണ്ടുപഠിക്കുന്നത് കുടുംബത്തിൽനിന്നുതന്നെയാണ് എന്നതാണ് മറ്റൊരു വസ്തുത. രക്ഷിതാവടക്കമുള്ളവർ കുട്ടികളുടെ മുന്നിൽ പുകവലിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം അവരിൽ വലിയ സ്വാധീനംചെലുത്തും. കുട്ടികൾ പിന്നീട് ഇവ ഉപയോഗിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കുടുംബത്തിൽപോലും ലഹരിവസ്തുക്കൾക്ക് വലിയ പ്രചാരം ലഭിക്കുന്നതും ഭീഷണിയാണ്.
പിറന്നാളാഘോഷത്തിൽ കേക്കിനേക്കാൾ പ്രാധാന്യം മദ്യത്തിന് നൽകുന്ന സ്ഥിതിയാണ് പലയിടത്തുമിന്ന്. ആഘോഷവേളയിൽ സന്തോഷത്തിന് ലഹരി രുചിക്കുന്ന കുട്ടികൾ പിന്നീട് ഇതിനു പിന്നാലെ പോവുകയാണ്.
ചൈൽഡ് ലൈനിലെയടക്കം കൗൺസിലർമാർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. കുട്ടികൾ വഴിപിഴച്ചെന്ന് പറഞ്ഞ് നാളെയിരുന്ന് കരയുന്നതിനുപകരം ഇന്നവരെ നേർവഴിക്കുമാത്രം നടത്താനുള്ള ഉത്തരവാദിത്തമാണ് കുടുംബങ്ങളിൽനിന്നുണ്ടാവേണ്ടത്. അതിന് കുട്ടികൾക്കുള്ള നല്ല മാതൃകകളായി മാതാപിതാക്കൾ മാറണം.
ചാകരപോലെ ചാരായം
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് ചാരായം നിരോധിച്ചത്. എന്നാൽ, മൂന്നു പതിറ്റാണ്ടോളമായിട്ടും ജില്ലയിലെ മലയോരമേഖലയിലടക്കം വാറ്റുചാരായം ഇപ്പോഴും സുലഭമാണ്.
കട്ടിപ്പാറ ചമലിലെ പൂവൻമല, കന്നൂട്ടിപ്പാറ, ബാലുശ്ശേരിക്കടുത്ത കണ്ണാടിപ്പൊയിൽ, കുറുമ്പൊയിൽ, കാക്കൂർമല, കോടഞ്ചേരിയിലെ ചെമ്പുകടവ്, തിരുവമ്പാടിയിലെ മുത്തപ്പൻപുഴ ഭാഗം എന്നിവിടങ്ങളെല്ലാം വാറ്റുചാരായം ഇപ്പോഴും സുലഭമായി കിട്ടുന്ന പ്രദേശങ്ങളാണ്.
ഓണം, വിഷു, വിവാഹം, മരണം എന്നീ വേളകളിൽ പ്രത്യേകമായി ചാരായം വാറ്റിനൽകുന്നവർ പോലും ഇപ്പോഴും ജില്ലയിലുണ്ട്. ഉത്സവസീസണിലെ സ്പെഷൽ ഡ്രൈവുകളിൽ ചാരായമുണ്ടാക്കാനുള്ള കോട വൻതോതിലാണ് ഇപ്പോഴും പിടികൂടുന്നത്. നിരോധിച്ച ഹൻസ്, പാൻപരാഗ് അടക്കമുള്ള പുകയില ഉൽപന്നങ്ങളും അധികവിലയ്ക്ക് നാട്ടിൻപുറങ്ങളിലെ കടകളിൽ സുലഭമാണ്.
വടകരയിൽ തകൃതിയായി ചില്ലറവിൽപന
വടകരയിലെ ബസ് സ്റ്റാൻഡുകൾ, ലിങ്ക് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നടക്കുതാഴെയടക്കം പ്രദേശങ്ങൾ, എൻ.സി കനാലിന്റെ വിവിധ തീരങ്ങൾ, വില്യാപ്പള്ളിയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം മയക്കുമരുന്ന് ചില്ലറവ്യാപാരം തകൃതിയാണ്.
എൻ.സി കനാൽ പരിസരത്തെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് വാടകക്കാരിയായ യുവതിയുടെ നേതൃത്വത്തിൽ മയക്കുമരുന്നു വ്യാപാരം നടക്കുന്നതായും ആരോപണമുണ്ട്.
കണ്ണൂരിൽ മൂന്ന് മയക്കുമരുന്ന് കേസിൽ പ്രതിയായ ഇവർ ഏജന്റുമാരെ നിയോഗിച്ച് ലഹരിവ്യാപാരം നടത്തുന്നതായാണ് പരാതി. നേരത്തെ മറ്റൊരിടത്ത് താമസിച്ച ഇവർക്കെതിരെ നാട്ടുകാർ പ്രശ്നമുണ്ടാക്കിയതോടെ കെട്ടിട ഉടമതന്നെ ‘ഓടിക്കുകയായിരുന്നു’. ലഹരിക്കാരെ കുറിച്ച് പൊലീസ്, എക്സെസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയാൽ പരിശോധന നടത്തുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
കൊയിലാണ്ടിയിലെ ഷോപ്പിങ് കോംപ്ലക്സിൽ പരിശോധനക്കെത്തിയ നാല് എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിമാഫിയ ആക്രമിച്ചത് അടുത്തിടെയാണ്. ജൂലൈയിൽ പെരുവട്ടൂരിലും എക്സൈസിനെതിരെ ആക്രമണമുണ്ടായിരുന്നു. നാദാപുരം ടൗണിനോട് ചേർന്നുള്ള ഒറ്റപ്പെട്ട ഭാഗങ്ങളിലും ലഹരി ഇടപാടുകൾ സജീവമാണ്.
താമരശ്ശേരിയിൽ അകമ്പടി ‘വേട്ടനായ്ക്കൾ’
താമരശ്ശേരി അമ്പലമുക്കിലെ ഒഴിഞ്ഞ പറമ്പ് വാങ്ങി അയ്യൂബിന്റെ നേതൃത്വത്തിൽ കൊച്ചിയിൽനിന്നടക്കമുള്ള ലഹരിസംഘം തമ്പടിച്ചത് നാട്ടുകാർ അറിയിച്ചെങ്കിലും പരിശോധനക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നായിരുന്നു പൊലീസിന്റെയും എക്സൈസിന്റെയും നിലപാട്.
പരിസരവാസികൾക്കടക്കം ഇവർ ഭീഷണിയായതോടെ കുടുംബങ്ങൾ വീടിന്റെ സുരക്ഷ മുൻനിർത്തി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും ലഹരിസംഘം പ്രവാസിയുടെ വീട് കൈയേറി ജനൽ ചില്ലുകളടക്കം എറിഞ്ഞുടച്ചു. ഇതോടെ സ്ഥലത്തെത്തിയ പൊലീസിനെ ആറ് വളർത്തുനായ്ക്കളെ വിട്ടാണ് സംഘം നേരിട്ടത്. മാത്രമല്ല, പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തു. ഓരോ കണ്ണികളെയായി പിന്നീട് പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്.
ഈ സംഘത്തിലെ ഒരാൾക്ക് കോടഞ്ചേരി സ്റ്റേഷനിലെ പൊലീസുകാരനുള്ള അടുത്തബന്ധം ‘അങ്ങാടിപ്പാട്ടായതോടെ’ ഉദ്യോഗസ്ഥൻ സസ്പെൻഷനിലാവുകയും ചെയ്തു. ലഹരിക്കാരോടുള്ള പൊലീസിന്റെ ഉദാസീന നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജനസംഘടനകൾ രംഗത്തുവന്നതിനുപിന്നാലെ ലഹരിക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ മനുഷ്യാവകാശ കമീഷൻതന്നെ നേരിട്ടാവശ്യപ്പെട്ടിട്ടുണ്ട്.
ലഹരിസംഘങ്ങൾ ആളുകളെ ഭീഷണിപ്പെടുത്തുന്നതും താമരശ്ശേരി മേഖലയിൽ പതിവാണ്. കുടുക്കിലുമ്മാരം റോഡിലാണ് ഇത്തരമൊരു സംഭവം അവസാനമുണ്ടായത്. താമരശ്ശേരി ടൗണിലെ പണിതീരാത്ത കെട്ടിടങ്ങളും അമ്പായത്തോട് ഭാഗത്തെ വിവിധ പ്രദേശങ്ങളും ലഹരിസംഘങ്ങൾ താവളമാക്കുന്നുണ്ട്. മഹല്ല് കമ്മിറ്റികളടക്കം ലഹരി വിപത്തിനെതിരെ ശക്തമായി ഇപ്പോൾ രംഗത്തുണ്ട്.
കൊടുവള്ളിയിൽ എതിർത്താൽ ‘കാലൊടിക്കും’
മയക്കുമരുന്ന് കുത്തിവെച്ചുള്ള മരണം വരെ റിപ്പോർട്ട് ചെയ്ത മേഖലയാണ് കൊടുവള്ളി. ലഹരിസംഘങ്ങൾ ആളുകൾക്കുനേരെ കത്തിവീശിയതടക്കമുള്ള സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. കൊടുവള്ളിയിലെ സ്വന്തം കെട്ടിടം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ലഹരി മാഫിയയെ എതിർത്തയാളുടെ കാൽ ഇരുമ്പുകമ്പികൊണ്ട് തല്ലിയൊടിച്ച് കിടപ്പിലാക്കിയതും മയക്കുമരുന്ന് കിട്ടാത്തതിനാൽ വിവാഹവേദിയിൽ വധു അക്രമാസക്തയായതുമെല്ലാം ലഹരിയുടെ വൻ സ്വാധീനത്തിന്റെ ഇവിടത്തെ ഉദാഹരണങ്ങളാണ്.
സാമൂഹിക സംഘടനകൾ ഉൾപ്പെടെ ശക്തമായ പ്രചാരണ പടിപാടികളുമായി രംഗത്തുവരുമ്പോഴാണ് ലഹരിവ്യാപാരത്തിനും വിൽപനക്കുമെല്ലാം അറുതിയുണ്ടാവുന്നത്. വാവാട്, മുക്കിലങ്ങാടി, കളരാന്തിരി, കത്തറമ്മൽ, എളേറ്റിൽ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളാണ് പലപ്പോഴും ലഹരിസംഘങ്ങളുടെ താവളമായി പറയപ്പെടുന്നത്.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ ലഹരിക്കാർ കണ്ണിചേർക്കാൻ ശ്രമിക്കുന്നത് പതിവായതോടെ നാട്ടുകാരുടെ ചെറുത്തുനിൽപ് ശക്തമായിട്ടുണ്ട്.
ആവശ്യത്തിന് കോടതിയില്ല; വിചാരണ വൈകുന്നു
വടക്കൻകേരളത്തിൽ മയക്കുമരുന്ന് കേസുകള് വിചാരണ ചെയ്യാൻ ആകെയുള്ളത് വടകരയിലെ എന്.ഡി.പി.എസ് കോടതി മാത്രമാണ്. കേസുകൾ കൂടുന്നതിനനുസരിച്ച് ജില്ലതലത്തിൽപോലും കോടതികളില്ലാത്തതോടെ വിചാരണ വർഷങ്ങളോളം നീളുകയാണ്.
ഇതോടെ പ്രതികൾ ജാമ്യത്തിലിറങ്ങി കേസ് നടത്തിപ്പിനുള്ള പണത്തിനും മറ്റുമായിവരെ വീണ്ടും ഇത്തരം ലഹരികടത്തിലേർപ്പെടുന്നതും പതിവാണ്. കേസുകൾ വർഷങ്ങൾ നീളുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലംമാറുന്നതും പ്രതികൾക്ക് ഗുണമാവുന്നു.
കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്കോട് ജില്ലകളിലെ കേസുകളാണ് വടകരയിലെ കോടതിയിൽ പരിഗണിക്കുന്നത്. മറ്റു ജില്ലകളിലെയടക്കം ലഹരിസംഘങ്ങൾ പ്രതികളെ ജാമ്യത്തിലെടുക്കാനും മറ്റും നിരന്തരം വടകരയിലെത്തുന്നതോടെ കോടതിപരിസരമടക്കം മയക്കുമരുന്ന് മാഫിയകളുടെ പുതിയ കൂട്ടുകെട്ടിന്റെ ‘ഹോട്ട് സ്പോട്ട്’ ആവുന്നുമുണ്ട്. മറ്റു ജില്ലയിലെ ജയിലിൽനിന്ന് പ്രതികളെ കേസിന്റെ വിചാരണക്ക് വടകരയിലെത്തിക്കാനും പൊലീസുകാർക്ക് ഇരട്ടി പണിയുമാണ്.
എല്ലാ ജില്ലയിലും കോടതി സ്ഥാപിച്ച് അതിവേഗതത്തിൽ വിചാരണ നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
വിളിക്കാം, ഈ നമ്പറുകളിൽ...
കോഴിക്കോട്: ലഹരി ഉപയോഗവും വിൽപനയുമടക്കമുള്ള രഹസ്യ വിവരങ്ങൾ കൈമാറാനും ലഹരി പ്രശ്നവും മാനസിക സമ്മർദവുമടക്കമുള്ള കാര്യങ്ങളിൽ ഉപദേശങ്ങൾ തേടാനുമുള്ള മൊബൈൽ, വാട്സ്ആപ് നമ്പറുകൾ:
പൊലീസിന്റെ ‘യോദ്ധാവ്’ (വാട്സ്ആപ്) : 9995966666
പൊലീസിന്റെ ‘ചിരി’ : 9497900200
എക്സൈസിന്റെ ‘വിമുക്തി’ : 9061178000
എക്സൈസിന്റെ ‘നേർവഴി’ : 9656178000
ആരോഗ്യവകുപ്പിന്റെ ‘ദിശ’ :1056, 0471 2552056
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.