ലഹരി: ഉപയോഗിക്കുന്നു... അടിമയാകുന്നു... വിൽപനക്കാരനാകുന്നു...
text_fieldsഎന്താണ് ലഹരി
ഖര, ദ്രാവക, വാതക രൂപത്തിൽ ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിലെ നാഡികളില്‍ രാസ പരിണാമങ്ങളുണ്ടാക്കി ആ വസ്തുവിനോട് അടിമത്വമുണ്ടാക്കാന് പ്രാപ്തമാക്കുന്ന ഏതൊന്നിനെയും പൊതുവെ ലഹരിയെന്നു പറയാം. മുമ്പുകാലത്ത് പുകവലി, മദ്യപാനം, വെറ്റില മുറുക്കൽ എന്നിവയെല്ലാമാണ് ലഹരിക്കായി ഉപയോഗിച്ചതെങ്കിൽ പിന്നീടത് കഞ്ചാവ്, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ അടക്കമുള്ളവയായി മാറി.
എന്നാലിന്ന് ഗ്രാമിന് സ്വർണത്തേക്കാൾ വിലയുള്ള എം.ഡി.എം.എ പോലുള്ള രാസലഹരിക്ക് പിന്നാലെയാണ് പുതുതലമുറ. എൽ.എസ്.ഡി സ്റ്റാമ്പ്, പിൽസ് അടക്കമുള്ളവ വേറെയും. ഏറെനേരം ഉന്മാദത്തിന്റെ മൂർധന്യത്തിലെത്തുക ലക്ഷ്യമിട്ടാണ് ആളുകളിന്ന് രാസലഹരിയുടെ പിറകെ പോകുന്നത്.
എങ്ങനെ അടിമയാകുന്നു
തലച്ചോറിനാണ് ലഹരി ഏറ്റവും വലിയ ക്ഷതമേൽപിക്കുന്നത്. തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലെ സിഗ്നലുകള്‍ കൈമാറുന്നത് ഡോപ്പമിന്‍, സരോടോണിന് എന്നിങ്ങനെയുള്ള ന്യൂറോ ട്രാന്സ്മിറ്റേഴ്സാണ്. ഈ ന്യൂറോ ട്രാന്സ്മിറ്റേഴ്സിന്റെ ഘടനയിലെ സാമ്യത മയക്കുമരുന്നിലെ രാസവസ്തുക്കള്‍ അനുകരിക്കുന്നതോടെ നാഡികളെല്ലാം ഉത്തേജിപ്പിക്കപ്പെടും.
ഡോപ്പമിന്‍ കൂടുതലായി ഉൽപാദിപ്പിക്കുന്നതോടെ അമിതമായ സന്തോഷവും മാനസിക പിരിമുറുക്കം കുറയലുമടക്കം വൈകാരിക മാറ്റങ്ങള്‍ പെട്ടെന്ന് അനുഭവപ്പെടും. മാത്രവുമല്ല തലച്ചോര്‍ ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് ഉണ്ടാക്കുന്നത് കുറയുന്നതിനാൽ മയക്കുമരുന്നില്ലാതെ മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥ തോന്നിപ്പിക്കുകയും ചെയ്യും. ഇതോടെ ഒരാൾ തുടരെ ലഹരി ഉപയോഗിച്ച് അതിനടിമപ്പെടും.
എങ്ങനെ വിൽപനക്കാരാവുന്നു
ആണോ, പെണ്ണോ ആയിക്കോട്ടെ ഒന്നോ രണ്ടോ തവണ രാസലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ പിന്നെയതിന്റെ വിൽപനക്കാരാവുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. ഒരാൾ ലഹരി ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ വിൽപനക്കാരായി പത്തോ അതിലധികമോ ആളുകൾക്ക് ഇതെത്തിച്ചുനൽകുകയാണ്. ഈ പത്തുപേർ പിന്നീട് കച്ചവടക്കാരായി മാറി നൂറോ അതിലധികമോ ആളുകൾക്ക് ലഹരി നൽകുന്നു. ദിവസങ്ങൾക്കുള്ളിലാണ് വൻ ശൃംഖലകൾ രൂപപ്പെടുന്നത്.
രാസലഹരിയുടെ വൻവില തന്നെയാണ് പലരെയും ഇതിന്റെ വിൽപനക്കാരാക്കുന്നത്. സ്വർണത്തിന്റെ വിലയുള്ള ഒരു വസ്തു ഒരാൾക്ക് എന്നും കൈയിലെ പൈസയെടുത്ത് വാങ്ങി ഉപയോഗിക്കാനാവില്ല. അതിനാൽ ലഹരി തുടരെ ഉപയോഗിക്കണമെങ്കിൽ അതിന്റെ കച്ചവടക്കാരനായി പണം സമ്പാദിച്ചേ മതിയാവൂ എന്നാണ് ലഹരി വഴിയിൽനിന്ന് മോചിതനായ ഒരു യുവാവ് ‘മാധ്യമ’ത്തോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.