പന്തളത്ത് ലഹരി പുകയുന്നു; ആധിയോടെ നാട്ടുകാർ
text_fieldsപന്തളം: ലഹരി വിൽപന സംഘങ്ങൾ വിലസുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഇവർക്കെതിരെ എക്സൈസിൽ രഹസ്യസന്ദേശം നൽകിയാൽ അക്കാര്യം പുറത്താകുന്നതായാണ് ആക്ഷേപം. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഉണ്ടാക്കുന്നതായും പരാതിയുണ്ട്. അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭാഗത്ത് ലഹരി വിൽപന വർധിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.
ഇക്കാര്യം എക്സൈസിനെ അറിയിച്ചാൽ ഉദ്യോഗസ്ഥർ എത്താറുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ സാധിക്കില്ലത്രേ. ആറുമാസത്തിനിടെ നിരവധി അന്തർസംസ്ഥാന തൊഴിലാളികളെയാണ് കഞ്ചാവുമായി പൊലീസും എക്സൈസും പിടികൂടിയത്. പിടികൂടുന്നവരെ നിയമസംരക്ഷണം നൽകി പുറത്തിറക്കാനും മാഫിയ സജീവമാണ്.
റെയ്ഡ് വിവരം ലഭിക്കാറുണ്ടെന്ന് പറഞ്ഞ് ലഹരി വിൽപന സംഘം വെല്ലുവിളിക്കുന്നതായും പരാതിയുണ്ട്. ഇവരെ ചോദ്യംചെയ്യുന്നവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നുമുണ്ട്. ചേരിക്കൽ, ആനക്കുഴിയിൽ ലഹരി മാഫിയ വീടുകയറി ആക്രമണം നടത്തിയ സംഭവം ഉണ്ടായശേഷം ശാന്തമായിരുന്ന പ്രദേശങ്ങളിൽ ഒരിടവേളക്കുശേഷം വീണ്ടും ലഹരി സംഘം സജീവമായിരിക്കുകയാണ്.
കുളനട പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ലഹരി മാഫിയ വ്യാപകമെന്ന് പരാതിയുണ്ട്. താമസമില്ലാത്ത വീടുകൾ, ആളൊഴിഞ്ഞ പറമ്പുകൾ, തെരുവുവിളക്ക് പ്രകാശിക്കാത്ത റോഡുകൾ ഇവയെല്ലാം ലഹരി സംഘം കൈയടക്കി. ചില സ്ഥലങ്ങളിൽ ഒന്നോ രണ്ടോ പേർ കൂടിയിരുന്ന സ്ഥാനത്ത് കൂട്ടത്തോടെയാണ് യുവാക്കൾ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.