സിനിമയിലെ ലഹരി: നിർണായക വിവരം ശേഖരിച്ച് അന്വേഷണ സംഘം
text_fieldsകൊച്ചി: ബംഗളൂരു ലഹരി മരുന്ന് കേസിെൻറ ചുവടുപിടിച്ച് മലയാള സിനിമ ലോകത്ത് ലഹരി പദാർഥങ്ങളുടെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ടവരുടെ നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. ലഹരികടത്ത് ബന്ധമുള്ള ചില സിനിമക്കാരെ സംബന്ധിച്ച വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് (എൻ.സി.ബി) ലഭിച്ചിട്ടുണ്ട്. കണ്ണികളായ ചിലർ വരും ദിവസങ്ങളിൽ വലയിലാകുമെന്നാണ് സൂചന. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലർ ബംഗളൂരു കേസിനുശേഷം നിരീക്ഷണത്തിലായിരുന്നു. കൽക്കി സിനിമയിൽ വില്ലൻ വേഷം ചെയ്ത മലയാളിയായ നിയാസ് കഴിഞ്ഞദിവസമാണ് ബംഗളൂരുവിൽ അറസ്റ്റിലായത്.
മലയാള സിനിമയിൽ ലഹരി ഇടപാട് ഇടനിലക്കാരായും കണ്ണികളായും പ്രവർത്തിക്കുന്നവരെക്കുറിച്ച വിവരങ്ങൾ സിനിമ സംഘടന നേതാക്കളിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. ലഹരിമാഫിയയുമായി ബന്ധമുള്ളവർ സിനിമയിലെ സ്ഥിരം ഉപഭോക്താക്കളുമായി അടുപ്പം സ്ഥാപിച്ച് ചെറിയ വേഷങ്ങൾ ചെയ്ത് രംഗത്ത് തുടരുകയും ഇത് പിന്നീട് ലഹരി കടത്തിനു മറയാക്കുകയും ചെയ്യുന്നു എന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ.
മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് നിർമാതാക്കൾ നേരത്തേ ആരോപിച്ചിരുന്നു. ചില താരങ്ങളും ഇത് ശരിവെച്ചിരുന്നു. എന്നാൽ, എക്സൈസ് നടപടി ഒന്നോ രണ്ടോ ലൊക്കേഷനുകളിലെ പരിശോധനയിൽ ഒതുങ്ങി. തെളിവ് നൽകാൻ ആരും തയാറായില്ലെന്നാണ് വിശദീകരണം. എന്നാൽ, സമ്മർദമാണ് അന്വേഷണം മുന്നോട്ടുപോകാതിരിക്കാൻ കാരണം. നിർമാതാക്കളുടെ ആരോപണത്തിൽ കാര്യമായ അന്വേഷണം ഉണ്ടായില്ലെങ്കിലും ആരോപണം ഉന്നയിച്ചവർക്കെതിരെ ചിലർ നൽകിയ പരാതിയിൽ ഇപ്പോഴും അന്വേഷണമുണ്ട്.
കൊച്ചിയിലെത്തുന്ന മാരകവും വിലകൂടിയതുമായ മയക്കുമരുന്നിെൻറ ഒരു ഭാഗം സിനിമക്കാരെ ലക്ഷ്യമിട്ടാണെന്നത് പരസ്യമാണെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതികളെന്ന് കണ്ടെത്തിയവർക്കെതിരെ പോലും പിന്നീട് കാര്യമായ അന്വേഷണമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.