കോട്ടക്കലിൽ വൻ ലഹരിവേട്ട: 22 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsമലപ്പുറം: കോട്ടക്കലിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റ രണ്ടു യുവാക്കളെ മലപ്പുറം എക്സൈസിെൻറ ഷാഡോ ടീം അറസ്റ്റു ചെയ്തു. വളാഞ്ചേരി കാവുംപുറം പണ്ടാരക്കൽ വീട്ടിൽ മുനവർ യൂസഫ് (23), വലിയതൊടി അബ്ദുൽ റഊഫ് (24) എന്നിവരാണ് പിടിയിലായത്. പുത്തൂർ പോസ്റ്റ് ഓഫിസിന് സമീപം ഇടപാടുകാരെ കാത്തുനിൽക്കവേയാണ് ഇരുവരും പിടിയിലായത്. ജില്ലയിൽ കഞ്ചാവ് വിതരണം ചെയ്യുന്നതിന് കോട്ടക്കലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് സംഘം പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസമായി ലോഡ്ജും പരിസരവും മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.ആർ. അനിൽകുമാറിെൻറ നിർദേശപ്രകാരം ഷാഡോ ടീം നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നയാളെ പിടികൂടിയപ്പോൾ വൻ കഞ്ചാവ് ശേഖരം കണ്ടെടുക്കുന്നതിന് സഹായകരമായ വിവരം ലഭിച്ചു.
തുടർന്നാണ് പ്ലാസ്റ്റിക് ചാക്കുകളിൽ കഞ്ചാവുമായി പുത്തൂർ ബൈപാസിൽ ഇടപാടുകാരെ കാത്തുനിന്ന യൂസഫും അബ്ദുൽ റഉൗഫും പിടിയിലായത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ, പ്രിവൻറീവ് ഓഫിസർ നൗഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, സി.ഇ.ഒ മുഹമ്മദാലി, പ്രഭാകരൻ പള്ളത്ത്, സുരേഷ്ബാബു, അബ്ദുസമദ്, ഡ്രൈവർ അബ്ദുറഹിമാൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെപ്റ്റംബറിൽ പിടിച്ചത് 12 കിലോ കഞ്ചാവ്
മലപ്പുറം: കഴിഞ്ഞ മാസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 കിലോ കഞ്ചാവ്, 22 ലിറ്റർ ചാരായം, 374 ലിറ്റർ വിദേശമദ്യം, 78 ലിറ്റർ മാഹി മദ്യം, 239 ലിറ്റർ ചാരായം എന്നിവ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. എട്ടു മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. വിദ്യാലയ പരിസരങ്ങളിലെ കടകളിലും മറ്റും നടത്തിയ പരിശോധനയിൽ 20 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ഈ കേസുകളിലെല്ലാം കൂടി 22 വാഹനങ്ങൾ പിടികൂടി. 147 അബ്കാരി, 45 മയക്കുമരുന്ന് കേസുകൾ സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.