മയക്കുമരുന്ന് കടത്ത്: കസ്റ്റംസിന് വീഴ്ചയുണ്ടെന്ന് ഐ.ബി
text_fieldsനെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളം വഴിയുള്ള വൻ മയക്കുമരുന്ന് കടത്ത് തടയുന്നതിൽ കസ്റ്റംസ് വിഭാഗത്തിന് ജാഗ്രതക്കുറവുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. കഴിഞ്ഞദിവസം എം.ഡി.എം.എ എന്ന മയക്കുമരുന്നുമായി പിടിയിലായവരെ ആലുവ എക്സൈസ് ഓഫിസിലെത്തി ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു. ഇതിനുശേഷമാണ് റിപ്പോർട്ട് നൽകിയതെന്ന് അറിയുന്നു. സംസ്ഥാന െപാലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
മയക്കുമരുന്നുമായി പിടിയിലായ മണ്ണാർക്കാട് സ്വദേശികളായ അബ്ദുൽ സലാം, ഫൈസൽ എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ കുവൈത്തിലേക്ക് മയക്കുമരുന്ന് പതിവായി കടത്തുന്ന നിരവധി സംഘങ്ങളുണ്ടെന്ന് വെളിപ്പെട്ടു. മയക്കുമരുന്ന് കടത്താൻ സന്നദ്ധനായി വന്ന ഒരാൾ വിഹിതത്തെ ചൊല്ലി ഇടഞ്ഞതിനെത്തുടർന്നാണ് വിവരം ചോർന്നത്.
മയക്കുമരുന്ന് മണത്ത് തിരിച്ചറിയുന്നതിന് വിദഗ്ധ പരിശീലനം നേടിയ രണ്ട് നായ് വിമാനത്താവളത്തിൽ കസ്റ്റംസിനുണ്ട്. എന്നാൽ, ഇവയുടെ സേവനം വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല. സംശയംതോന്നുന്ന ലഗേജുകളും മറ്റും മാത്രമാണ് നായ്ക്കളെ ഉപയോഗിച്ച് പരിശോധിപ്പിക്കുന്നത്. ഇത് മയക്കുമരുന്ന് സംഘത്തിന് സഹായകമാവുകയാണ്. സമീപത്തെത്തുമ്പോഴേക്കും നായ്ക്കൾക്ക് അലർജിയുണ്ടാകുന്ന ചില മരുന്നുകൾ മയക്കുമരുന്ന് കടത്തുസംഘം ലഗേജിന് പുറത്ത് പുരട്ടാറുണ്ടെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.