ടൂറിസത്തിന്റെ മറവിൽ കൊഴുക്കുന്നു; ലഹരി പതയുന്ന പാർട്ടികൾ
text_fieldsകൽപറ്റ/വെള്ളമുണ്ട: വൻ മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും ജില്ലയിൽ സ്വൈരവിഹാരം നടത്തുന്നത് പതിവായതോടെ ആശങ്കയിൽ വയനാടൻ ജനത. ടൂറിസത്തിന്റെ പേരിൽ അധികൃതർ അയവുനൽകുന്നതോടെ ജില്ലയിലെ പല റിസോർട്ടുകളിലും രാത്രികാലങ്ങളിൽ അരങ്ങേറുന്നത് ലഹരി പതയുന്ന ഉന്മാദ പാർട്ടികൾ. അടുത്ത കാലത്തായി വൻതോതിലുള്ള ലഹരി ഇടപാടും ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലും ഭീതിപ്പെടുത്തുന്നതാണ്.
വിനോദ സഞ്ചാരത്തിന്റെ മറവിൽ ജില്ലയിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ പൊലീസ് നടപടികൾ കർശനമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചുരം കയറിയ ക്വട്ടേഷൻ സംഘത്തെ രണ്ടുമാസം മുമ്പാണ് വെള്ളമുണ്ട പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാരകായുധങ്ങളുമായി കൊലവിളിക്കിറങ്ങിയ സംഭവങ്ങൾ നിരവധിയാണ്.
ഇതിൽ ഒടുവിലത്തേതാണ് പടിഞ്ഞാറത്തറ മഞ്ഞൂറ റിസോർട്ടിലെ അറസ്റ്റ്. ബാണാസുര സാഗർ ഡാമിനരികിലെ സിൽവർവുഡ് റിസോർട്ടിലാണ് മയക്കുമരുന്ന് പാർട്ടി നടന്നത്. ടി.പി വധക്കേസിലെ പ്രതി കിർമാണി മനോജടക്കം സംഭവത്തിൽ 16 പേർ കസ്റ്റഡിയിലായി. പിടികൂടിയ സംഘത്തിൽപെട്ട കമ്പളക്കാട് മുഹ്സിന്റെ വിവാഹ സൽക്കാരവുമായി നിരവധി പേരെ പരിപാടിക്ക് ക്ഷണിച്ചിരുന്നു.
റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന
ജില്ലയിലെ വിവിധ റിസോർട്ടുകളിൽ ലഹരി പാർട്ടികൾ അരങ്ങേറുന്നതും മയക്കുമരുന്ന് വാണിഭം നടക്കുന്നതും പതിവായി. ഈ അടുത്തകാലത്ത് നടന്ന മയക്കുമരുന്ന് വേട്ടകൾ ഈ നിഗമനം ശക്തിപ്പെടുത്തുന്നു. ബാണാസുര സാഗർ ഡാം പരിസരത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിപണനം നടത്താനായി മയക്കുമരുന്ന് മാഫിയ സംഘങ്ങൾ ഈ ഭാഗങ്ങളിൽ തമ്പടിക്കുന്നത് പതിവായിട്ടുണ്ട്.
ഇതുസംബന്ധിച്ച് രഹസ്വാന്വേഷണ വിഭാഗം വിവരം നൽകിയതിനെ തുടർന്ന്, എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ അന്വേഷണ സ്ക്വാഡ് സെപ്റ്റംബർ 25ന് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി താമരശ്ശേരി, എടവണ്ണ സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും കഞ്ചാവും ലഹരി വസ്തുക്കളുമായി കൊടുവള്ളി, താമരശ്ശേരി, നിലമ്പൂർ സ്വദേശികളായ നാലുപേരെ ഒക്ടോബർ 23ന് അറസ്റ്റ് ചെയ്തു. പുതുവർഷത്തോടനുബന്ധിച്ചും വിനോദ സഞ്ചാരികളെ ഉന്നമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വാണിഭ സംഘങ്ങളെ പിടികൂടിയിട്ടുണ്ട്.
ലഹരി പാർട്ടികളേറുന്നു
ജില്ലയിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ വർധിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പല റിസോർട്ടുകളിലും ഇത്തരം പാർട്ടികൾ അരങ്ങേറുമെന്ന സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതുവത്സര ആഘോഷത്തിന് നിയന്ത്രണവുമായി അധികൃതർ രംഗത്തെത്തിയിരുന്നത്. ഉൾപ്രദേശങ്ങളിലുള്ള പല റിസോർട്ടുകളിലും ലഹരി പാർട്ടിയടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമായി അരങ്ങേറുമ്പോഴും നിയമപാലകർ കണ്ണടക്കുന്നത് പതിവായിരുന്നു.
ടൂറിസത്തോടുള്ള അധികൃതരുടെ ഉദാര സമീപനം പലരും ഇതിന് മറയാക്കുകയും ചെയ്യുന്നു. എം.ഡി.എം.എ ഉൾപ്പെടെ മാരക മയക്കുമരുന്നാണ് ഇത്തരം പാർട്ടികളിൽ ഉപയോഗിക്കുന്നത്. എന്നാൽ, ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വാണിഭം കൊഴുക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുകയും ചെയ്യുന്നത് സാധാരണക്കാരിൽ ഭീതിയുയർത്തുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം.
അറിയാതെ പൊലീസെത്തി; ആഘോഷത്തിനിടെ പൊക്കി
സന്ധ്യയോടെ തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി അരങ്ങേറുന്നതിനിടയിലാണ് പൊലീസ് രംഗത്തെത്തിയത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തേ സിൽവർവുഡ് റിസോർട്ടിലെത്തിയിരുന്നു. മഫ്തിയിലെത്തിയ നിയമപാലകർ ആഘോഷം കൊഴുക്കവേയാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. കോവിഡ് മഹാമാരിക്കാലത്ത് അനുവദനീയമായതിലും ഏറെക്കൂടുതൽ പേരെ ക്ഷണിച്ചാണ് വിവാഹ സൽക്കാരം നടത്തിയത്.
ജില്ലയിൽ വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കുമടക്കം 50ൽ കൂടുതൽ പേർ ഒത്തുകൂടരുതെന്ന് ജില്ല ഭരണകൂടം കർശന നിർദേശം പുറപ്പെടുവിച്ച് രണ്ടുദിവസം കഴിയും മുമ്പാണ് സിൽവർവുഡ്സ് റിസോർട്ടിൽ ഏറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ സൽക്കാരം അരങ്ങേറിയത്. വയനാട്ടിൽ ഏറ്റവും കൂടുതൽ വാടക വാങ്ങുന്ന റിസോർട്ടുകളിലൊന്നാണിത്.
സൈജു തങ്കച്ചനുമെത്തി
എറണാകുളത്ത് മോഡലുകളടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനിൽനിന്ന് എറണാകുളം ക്രൈംബ്രാഞ്ചിന് ലഭിച്ച ലഹരി പാർട്ടികളുടെ വിഡിയോകളിലൊന്ന് വയനാട്ടിലെ ഒരു റിസോർട്ടിൽ നടന്നതായിരുന്നു. 2020 മാർച്ചിനും ആഗസ്റ്റിനുമിടയിലാണ് ഈ വിഡിയോ പകർത്തിയതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ. വർഷങ്ങളായി വയനാട്ടിൽ ഇത്തരം പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചനകളും. സ്വകാര്യ റിസോർട്ടിൽ നടന്ന സംഭവങ്ങളോടെ പൊലീസ് കൂടുതൽ ജാഗ്രതയിലാണ്.
എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിപണനവും ഉപയോഗവും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ബാണാസുര സാഗർ ഡാമിനോടുചേർന്ന റിസോർട്ടുകളിലും വെള്ളമുണ്ട ബാണാസുരമല കേന്ദ്രീകരിച്ച ചില റിസോർട്ടുകളിലും ഇത്തരം ലഹരി മാഫിയകൾ യഥേഷ്ടം പല പേരുകളിൽ വന്നുപോകുന്നതായ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരു അന്വേഷണം പോലും നടന്നിട്ടില്ല.
മാവോവാദികളെ തിരയുന്നതിനപ്പുറം, റിസോർട്ടുകളിലെത്തുന്ന ക്വട്ടേഷൻ സംഘത്തെ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. വനമേഖലയോടുചേർന്ന ഭാഗങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടലടക്കം നടക്കുന്നതായ പരാതിയും ഏറെയാണ്. വിവിധ ജില്ലകളിൽനിന്നും പെൺകുട്ടികളെ എത്തിച്ചുള്ള അനാശാസ്യവും നടക്കുന്നുണ്ട്. എല്ലാറ്റിനും ഗുണ്ടകളുടെ കൂടി പിന്തുണ തേടിയാണ് പ്രവർത്തനമെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.