ഞാനാരെയും കൊന്നിട്ടില്ല, എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചു -സന്ദീപ്
text_fieldsതിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ നെടുമ്പന യു.പി സ്കൂൾ അധ്യാപകൻ എസ്. സന്ദീപ് പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ. 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണമുള്ള സെല്ലിൽ സന്ദീപിനെ നോക്കാൻ വാർഡന്മാരുമുണ്ട്. താന്‍ ആരെയും കൊന്നിട്ടില്ലെന്നും തന്നെയാണ് എല്ലാവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും ജയിലിൽ പരിശോധിക്കാനെത്തിയ മെഡിക്കൽ ഓഫിസറോടും ഒപ്പമുണ്ടായിരുന്ന ജയിൽ അധികാരികളോടും സന്ദീപ് പറഞ്ഞു.
രക്ഷപ്പെടാൻ തിരിച്ച് ആക്രമിക്കുകയായിരുന്നു. ഡോക്ടറെ ആക്രമിച്ചതൊന്നും സന്ദീപിന്റെ ഓർമയിലില്ല. ആരോ കൊല്ലാൻ ശ്രമിക്കുന്നതായി ഇടക്കിടെ അലറി വിളിക്കുന്നുണ്ട്. സന്ദീപിന്റെ ചില പെരുമാറ്റങ്ങൾ അഭിനയമാണോ എന്ന് സംശയിക്കുന്നതായും ജയിൽ അധികൃതർ പറയുന്നു. എന്നാൽ, അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ശരിയായ മാനസിക നിലയിലേക്ക് സന്ദീപ് എത്തിയിട്ടില്ലെന്നാണ് ജയിൽ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട്.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കനത്ത പൊലീസ് കാവലിൽ സന്ദീപിനെ ജയിൽ ഡോക്ടർ പരിശോധിച്ചത്. പ്രകോപനത്തിന് കാരണം ആരായുമ്പോൾ തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായാണ് സന്ദീപ് പറയുന്നത്. ലഹരി തുടർച്ചയായി ഉപയോഗിച്ചതിലൂടെയുണ്ടായ ശാരീരിക- മാനസിക പ്രശ്നങ്ങൾ മാറാന്‍ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസികാരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കും. പ്രശ്നങ്ങളുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെതുടർന്ന് ബുധനാഴ്ച രാത്രി പത്തോടെയാണ് മെഡിക്കൽ പരിശോധന പൂർത്തിയാക്കി സന്ദീപിനെ കൊട്ടാരക്കര പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. സർക്കാർ ആശുപത്രിയിലെ ഡോക്ടര്‍മാർ സന്ദീപിനെ പരിശോധിക്കാൻ തയാറാകാത്തതിനാൽ പൊലീസ് ഏറെ വലഞ്ഞു.
ഒടുവിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു രക്തപരിശോധന. ജയിലിന്റെ പ്രവേശന കവാടത്തിന് വലതുവശത്തുള്ള സുരക്ഷ സെല്ലിലേക്ക് വീൽ ചെയറിലാണ് സന്ദീപിനെ കൊണ്ടുപോയത്. ജയിൽ മെഡിക്കൽ ഓഫിസർ പരിശോധന നടത്തിയശേഷം രാത്രി ഭക്ഷണം നൽകി. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവായതിനാൽ മരുന്നും ബ്രഡും കൊടുത്തു. ജയിലിലെ നാല് സുരക്ഷ സെല്ലുകളിൽ ഒന്നാണ് സന്ദീപിനായി മാറ്റിവെച്ചത്. അക്രമാസക്തനാകുന്നതിനാൽ സെല്ലിൽ സഹതടവുകാരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.