ദുബൈയിലെ അപകട മരണം: നഷ്ടപരിഹാര തുക കേന്ദ്ര സർക്കാർ നൽകണമെന്ന് ഡിവിഷൻ ബെഞ്ചും
text_fieldsകൊച്ചി: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന് അനുവദിച്ച നഷ്ടപരിഹാരം ചിലർ തട്ടിയെടുത്ത സാഹചര്യത്തിൽ ഇൗ തുക കേന്ദ്ര സർക്കാർ നൽകണമെന്ന് ഹൈകോടതി ഡിവിഷൻബെഞ്ചും. കോട്ടയം സ്വദേശി ഉമ്മൻ നൽകിയ ഹരജിയിലെ സിംഗിൾബെഞ്ച് വിധിക്കെതിരെ കേന്ദ്ര സർക്കാറും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി.
നഷ്ടപ്പെട്ട തുക പൂർണമായി കേന്ദ്ര സർക്കാർ നൽകണമെന്നും തട്ടിപ്പു നടത്തിയവരിൽനിന്ന് ഇത് സർക്കാറിന് പിന്നീട് ഈടാക്കാമെന്നുമുള്ള സിംഗിൾ ബെഞ്ചിെൻറ വിധി ഡിവിഷൻ ബെഞ്ച് ശരിെവക്കുകയായിരുന്നു.
ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മകൻ സുനിൽ ഉമ്മൻ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് ദുബൈ കോടതി അനുവദിച്ച 17.79 ലക്ഷം രൂപ പഞ്ചാബ് സ്വദേശി ജസ്വീന്തർ സിങ് ബങ്കാർ തട്ടിയെടുത്തതിനെതിരെയാണ് പിതാവായ ഹരജിക്കാരൻ നേരേത്ത സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. 1999ലാണ് ദുബൈ കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഇതു ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ കേന്ദ്ര പ്രവാസി മന്ത്രാലയത്തെ സമീപിച്ചു.
ആവശ്യപ്പെട്ട പ്രകാരം നിയമപരമായ അവകാശ സർട്ടിഫിക്കറ്റും പവർ ഒാഫ് അറ്റോർണിയും നൽകി. ചില രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു നൽകി. തുടർന്നാണ് ജസ്വീന്തർ സിങ് പവർ ഒാഫ് അറ്റോർണി ഉപയോഗിച്ച് 2001 ഫെബ്രുവരി 26ന് പണം കൈപ്പറ്റിയെന്ന വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുകയാണ്.
ഒരാൾ പണം തട്ടിയതിന് അത്രയും തുക കേന്ദ്രം നൽകണമെന്ന വിധി നിയമപരമല്ലെന്നായിരുന്നു സർക്കാറിെൻറ വാദം. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ കാലതാമസവും വീഴ്ചയുമാണ് പവർ ഒാഫ് അറ്റോർണി ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ വഴിയൊരുക്കിയതെന്ന സിംഗിൾ ബെഞ്ചിെൻറ വിലയിരുത്തൽ ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി സി.ബി.ഐ പറഞ്ഞിരുന്നു. സിംഗിൾബെഞ്ചിെൻറ വിധിയിൽ അപാകതയില്ലെന്നും ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻബെഞ്ച് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.