തിരുവനന്തപുരത്ത് നിന്നുള്ള ദുബൈ, ഷാർജ വിമാന സർവീസുകൾ റദ്ദാക്കി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ്, എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകളാണ് താൽകാലികമായി റദ്ദാക്കിയത്. യു.എ.ഇയിൽ കനത്ത മഴയും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. എന്നാൽ, വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ വിമാന അധികൃതർ അറിയിച്ചിട്ടില്ല. വിമാനം വൈകി യാത്ര പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം, മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി - ദുബൈ സർവീസ്, ഇൻഡിഗോയുടെ കൊച്ചി - ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി - ഷാർജ സർവീസ്, കൊച്ചി-ദോഹ സർവീസുമാണ് റദ്ദാക്കിയത്.
യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.
യു.എ.ഇയിൽ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും ആലിപ്പഴ വർഷത്തിന്‍റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.