ചെന്നിത്തല പാടത്ത് പ്രകൃതിയുടെ നിറച്ചാർത്തായി ദുബൈ ശൈഖിന്റെ കൂറ്റൻചിത്രം
text_fieldsആലപ്പുഴ: ചെന്നിത്തല പാടത്തെ ആകാശക്കാഴ്ചക്ക് കടൽ കടന്നൊരു ബന്ധമുണ്ട്. ദുബൈ ഭരണാധികാരിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളോട് മലയാളിയായ പെയിന്റിങ് തൊഴിലാളിക്ക് തോന്നിയ ഇഷ്ടത്തിൽ പ്രകൃതിയുടെ നിറക്കൂട്ടിൽ വിരിഞ്ഞത് അതിമനോഹരമായ കൂറ്റൻ ചിത്രം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂമിന്റെ ചിത്രം പാടത്ത് തെളിയിച്ച വിസ്മയക്കാഴ്ചക്കുപിന്നിൽ വർക്ഷോപ്പിലെ സ്പ്രേ പെയിന്റ് തൊഴിലാളി ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പോട്ടംക്കേരി പുതുവൽ വീട്ടിൽ ജി. രാജീവിന്റെ (42) കരങ്ങളാണ്. ലോക റെക്കോഡ് സ്വന്തംപേരിൽ കുറിക്കാനുള്ള പരിശ്രമത്തിനൊടുവിലാണ് ആരെയും അമ്പരിപ്പിക്കുന്ന കൂറ്റൻചിത്രം പിറവിയെടുത്തത്.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് അഞ്ചാം ബ്ലോക്കിലെ ചെന്നിത്തല പുഞ്ചയിൽ 16 ദിവസമെടുത്താണ് വര പൂർത്തിയാക്കിയത്. മൂന്നുദിവസംകൂടി കാലാവസ്ഥ അനൂകൂലമായിരുന്നെങ്കിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കുമായിരുന്നെന്ന് രാജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. അപ്രതീക്ഷിത മഴയിൽ വെള്ളംകയറി സ്കെച്ചിൽ നേരിയ മാറ്റംവന്നതോടെ റെക്കോഡ് നേട്ടത്തിനായുള്ള ചിത്രം സൈറ്റിൽ അപ്ലോഡ് ചെയ്യാനായില്ല. മേയ് രണ്ടിനായിരുന്നു തുടക്കം. വിശാലമായ പാടത്ത് കൃത്യമായി അടയാളപ്പെടുത്തി വരക്കേണ്ട ഭാഗത്ത് കച്ചിയിട്ട് കത്തിച്ച് അതിന്റെ ചാരം ഉപയോഗിച്ചായിരുന്നു ചിത്രപ്പണി. കൊയ്ത്തുകഴിഞ്ഞ പാടത്തുനിന്ന് സൗജന്യമായി കച്ചി കിട്ടിയതിനാൽ പണം മുടക്കേണ്ടിവന്നില്ല. തിരുവല്ല കവിയൂർ ഗുഹാക്ഷേത്രത്തിന് സമീപത്തെ വർക്ഷോപ്പിലെ ജോലിക്ക് അവധി നൽകിയായിരുന്നു കഠിനാധ്വാനം.
മൂന്നടി വീതിയിലും നാലടി നീളത്തിലും ഫ്ലക്സ്ബോർഡിൽ തീർത്ത ചിത്രമാണ് വലുതാക്കി രൂപപ്പെടുത്തിയത്. ഇതിനായി 20 അടി വീതമുള്ള വലിയ കളങ്ങൾ തീർത്തു.
കണക്കിലെ കൃത്യത ഉറപ്പാക്കാൻ രാജീവിന്റെ സഹോദരി രാജി മാത്യുവിന്റെ മകൻ ജെഫിൻ (15), സുഹൃത്ത് ചെങ്ങന്നൂർ വാഴമംഗലം വിനോദിന്റെ മകൻ അഭിനവ് മനോജ് (12) എന്നിവരുടെ സഹായവും തേടി. ഇവർ കൂട്ടിയെടുത്ത കണക്കുകൾ ഉപയോഗിച്ചാണ് ചിത്രം തീർത്തത്.
2016ൽ ഗൾഫിലേക്ക് പറന്ന രാജീവ് ദുബൈ ഖിസൈസിൽ വർക്ഷോപ്പിൽ സ്പ്രേ പെയിന്ററായി ജോലിചെയ്തിരുന്നു. അന്നാണ് ദുബൈ ശൈഖിനോടുള്ള താൽപര്യം വർധിച്ചത്. 2012ലാണ് പാടങ്ങളിൽ വൻ ചിത്രങ്ങൾ ഒരുക്കാൻ തുടങ്ങിയത്. 2018, 2019 പ്രളയകാലത്ത് മാത്രമാണ് അവധി നൽകിയത്. തൃപ്പെരുന്തുറ പഞ്ചായത്തിലെ വിവിധ പാടങ്ങളിൽ 10 ഏക്കറിൽ മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാം, മദർ തെരേസ, ബോബി ചെമ്മണ്ണൂർ, സിനിമ സംവിധായകൻ മേജർരവി അടക്കമുള്ളവരുടെ ചിത്രങ്ങളാണ് വരച്ചത്. 2021, 2022, 2023, 2024 വർഷങ്ങളിൽ ദുബൈ ശൈഖ് തന്നെയായിരുന്നു താരം.
പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ചിത്രം പാടത്ത് വരക്കുകയാണ് അടുത്ത ലക്ഷ്യം. വളരുന്ന നെല്ലിന് മുകളിൽ കുമ്മായവും കാരവും സോപ്പുപൊടിയും ഉപയോഗിച്ച് പമ്പിൽ സ്പ്രേ ചെയ്താകും യൂസഫലിയുടെ ചിത്രം വരക്കുക.
പാടത്ത് വിരിഞ്ഞ ചിത്രത്തിന്റെ ആകാശദൃശ്യം പകർത്തിയത് കോമഡി വെബ് സീരീസിലൂടെ ശ്രദ്ധേയനായ യുട്യൂബർ ജയകൃഷ്ണൻ ശ്രീകുമാറാണ്. ഭാര്യ: ഷേർലി. മകൾ: റോഷ്ലി (രണ്ടുവയസ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.