മുതിർന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ.ഡി. ജോർജ് അന്തരിച്ചു
text_fieldsകൊച്ചി: മുതിർന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ.ഡി. ജോർജ് (75) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
ആദ്യകാല മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് കെ.ഡി. ജോർജ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മിർസാപൂർ, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകൾക്കാണ് അവസാനമായി ശബ്ദം നൽകിയത്.
കൊച്ചി പച്ചാളത്തെ ലോഡ്ജിലായിരുന്നു താമസം. ആരോഗ്യാവസ്ഥ മോശമായതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കെ.ഡി. ജോർജിന്‍റെ കുടുംബാംഗങ്ങളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരം ലഭ്യമല്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയന്‍റെ സഹായത്തോടുകൂടിയായിരുന്നു മുന്നോട്ടുപോയിരുന്നത്.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് സഹപ്രവർത്തകർ അഭ്യർഥിച്ചു. ഫോൺ: പ്രവീൺ ഹരിശ്രീ -9447094947.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.