പക്ഷിപ്പനി: കുട്ടനാട്ടില്‍ താറാവുകളെ കൊന്നുതുടങ്ങി
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തുവീഴുന്ന കുട്ടനാട്ടില്‍ രോഗം ബാധിച്ചവയെ കൊന്നുതുടങ്ങി. തകഴി, ചെറുതന പാണ്ടി, രാമങ്കരിക്കടുത്തെ മുട്ടാര്‍ എന്നീ മൂന്നുകേന്ദ്രത്തിലാണ് ബുധനാഴ്ച ദ്രുതകര്‍മസംഘങ്ങള്‍ താറാവുകളെ കൊന്ന് സംസ്കരിച്ചത്. നേരത്തേ ചത്തുകിടന്നതുള്‍പ്പെടെ 1176 താറാവുകളെയാണ് ആദ്യദിവസം സംസ്കരിച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. ഗോപകുമാര്‍ പറഞ്ഞു. ചെറുതനയില്‍ 180ഉം തകഴിയില്‍ 396ഉം മുട്ടാറില്‍ 600ഉം താറാവുകളെയാണ് സംസ്കരിച്ചത്. തകഴിയില്‍ താറാവുകളെ കൊന്നുകൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചപ്പോള്‍ മുട്ടാറില്‍ കുഴിച്ചുമൂടി.
രണ്ട് വെറ്ററിനറി സര്‍ജന്‍, രണ്ട് ലൈഫ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് തൊഴിലാളികള്‍, രണ്ട് അറ്റന്‍ഡര്‍മാര്‍ എന്നിവരെ കൂടാതെ പഞ്ചായത്തംഗം, രണ്ടുവീതം റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉള്‍പ്പെട്ടതാണ് ദ്രുതകര്‍മസംഘം. ഇത്തരം 20 സംഘങ്ങളെയാണ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് നിയോഗിച്ചത്. നീലംപേരൂരില്‍ ബുധനാഴ്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കി. വ്യാഴാഴ്ച ഇവയെ കൊന്ന് സംസ്കരിക്കും. രോഗകാരണമായ എച്ച്5 എന്‍8 വൈറസ് മനുഷ്യരിലേക്ക് പടരില്ളെങ്കിലും ദ്രുതകര്‍മസംഘങ്ങള്‍ക്ക് സംരക്ഷണകിറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് ധരിക്കാതെയാണ് ഇവര്‍ ബുധനാഴ്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. തകഴിയില്‍ ബുധനാഴ്ച കൊല്ലാന്‍ തീരുമാനിച്ചതുകൂടാതെ പരിസരപ്രദേശങ്ങളില്‍ രോഗലക്ഷണമുള്ള മറ്റുതാറാവുകളെ അടിയന്തരമായി കൊല്ലണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തത്തെിയത് തര്‍ക്കത്തിന് ഇടയാക്കി. ഇക്കാര്യത്തില്‍ തുടര്‍നടപടി ആലോചിക്കാന്‍ പഞ്ചായത്തിലെ മുഴുവന്‍ താറാവുകര്‍ഷകരുടെയും യോഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ട്. അതിനിടെ, കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നതായും സൂചനയുണ്ട്.
രോഗം ബാധിച്ച് കൂടുതല്‍ താറാവുകള്‍ ചത്ത അച്ചന്‍കുഞ്ഞിന്‍െറ എടത്വയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 1200ഓളം താറാവുകള്‍ക്കും ബുധനാഴ്ചയോടെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച ഈ മേഖല സന്ദര്‍ശിക്കും. പ്രതിരോധനടപടികളുടെ ഭാഗമായി 20 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ചത്ത താറാവുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.
30,000 താറാവുവരെ ചത്തതായ കര്‍ഷകരുടെ വാദം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ ജനപ്രതിനിധികളില്‍നിന്ന് ലഭിക്കുന്ന സൂചനപ്രകാരം പതിനായിരത്തോളം താറാവുകള്‍ക്ക് രോഗം ബാധിക്കുകയോ ചാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ താറാവു കൂട്ടങ്ങളെ ഒരുസ്ഥലത്തുനിന്ന് മാറ്റുന്നത് നിരോധിച്ചിട്ടുണ്ട്. ഇതോടെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ താറാവിനെ തീറ്റക്കിറക്കിയ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഏതുനിമിഷവും രോഗം വന്ന് ചത്തുവീഴാവുന്ന താറാവുകള്‍ക്ക് തീറ്റ വാങ്ങിക്കൊടുത്ത് സംരക്ഷിക്കാന്‍ കര്‍ഷകര്‍ മടിക്കുകയാണ്. ഫലത്തില്‍ താറാവുകള്‍ കര്‍ഷകര്‍ക്ക് വലിയ ബാധ്യതയായി മാറി. ഇതിന് തെളിവാണ് ബുധനാഴ്ച എങ്ങനെയെങ്കിലും തങ്ങളുടെ താറാവുകളെയും ഒന്നു കൊന്നുതന്നാല്‍മതിയെന്ന ആവശ്യവുമായി തകഴിയില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.