താറാവിറച്ചി, മുട്ടവ്യപാരം പൂർണമായും നിലച്ചു
text_fieldsമനുഷ്യന്റെ ആരോഗ്യത്തിന് ധാന്യങ്ങൾ പോലെ തന്നെ ഇറച്ചിയും മുട്ടയും ആവശ്യമാണ്. അത് ഉറപ്പാക്കാനുള്ള പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്നത്. ഒരുദിവസം ഒരു മുട്ടയെങ്കിലും കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇപ്പോൾ നമ്മൾ മുട്ടക്കായി ആശ്രയിക്കുന്നത് തമിഴ്നാടിനെയും ആന്ധ്രയെയുമാണെന്ന പരിദേവനമാണ് മന്ത്രിമാർക്കുള്ളത്. ഇവയുടെ കാര്യത്തിൽ നമ്മുടെ നാടിനെയും പ്രാപ്തമാക്കാനാണ് മൃഗസംരക്ഷണ-കൃഷി വകുപ്പുകളുടെ ഉദ്യമം. നമ്മുടെ നാട്ടിൽ ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന ആരോഗ്യദായകമായ ഇറച്ചിയും മുട്ടയുമാണ് താറാവുകളുടേത്. പക്ഷേ, താറാവ് വളർത്തൽ പ്രോത്സാഹനത്തിന് ഇരുവകുപ്പുകളും ഒന്നും ചെയ്യുന്നില്ല. പക്ഷിപ്പനി വന്നതോടെ താറാവിറച്ചി, മുട്ടവ്യപാരം പൂർണമായും നിലച്ചു. കുട്ടനാട്ടിൽ മാത്രം പ്രതിദിനം രണ്ടു ലക്ഷത്തോളം മുട്ട വിൽപന നടന്നിരുന്നു.
രണ്ട് ടണ്ണോളം താറാവിറച്ചി വിൽപനയുമുണ്ടായിരുന്നുവെന്നാണ് ഐക്യ താറാവ് കർഷകസംഘത്തിന്റെ കണക്ക്. ഇപ്പോൾ ഇവ രണ്ടും ആരും വാങ്ങുന്നില്ല. പാടത്ത് മേഞ്ഞ് നടക്കുന്ന താറാവുകളുടേത് യാതൊരുകലർപ്പുമില്ലാത്ത ജൈവ ഇറച്ചിയും മുട്ടയുമാണ്. കോഴികളെ പോലെ കൂട്ടിലിട്ട് തീറ്റ നൽകി വീർപ്പിക്കുന്നവയല്ല ഇവ. ഹോർമോണുകളും മരുന്നുകളുമൊന്നും പ്രയോഗിക്കുന്നുമില്ല.
എന്നിട്ടും ഇതൊരു വിപണന മേഖലയായി വികസിപ്പിക്കാൻ കഴിയുന്നില്ല. പക്ഷിപ്പനി വന്നുപോയാൽ പിന്നെ ആരും വാങ്ങില്ല. പനിബാധ അടങ്ങുംവരെ മാസങ്ങളോളം കർഷകൻ ഇവക്ക് തീറ്റ നൽകി പോറ്റണം. ഒരുകിലോ അരി 26 രൂപ വിലക്കാണ് താറാവിന് കൊടുക്കാൻ വാങ്ങുന്നത്. മില്ലുകളിൽ നിന്ന് വേസ്റ്റായി പുറംതള്ളുന്ന അരിയാണ് 26 രൂപക്ക് താറാവിന് നൽകാൻ വാങ്ങുന്നത്. താറാവിന് കൊടുക്കാനായി ലഭിക്കുന്ന ഉണക്കമീനുമുണ്ട്. അത് കൊടുത്തെങ്കിലേ മുട്ടയിടൂ. ഒരു കിലോക്ക് 10 വർഷം മുമ്പ് 65 രൂപയായിരുന്നു. ഇപ്പോഴതിന് 130 രൂപയാണ്. മുട്ടത്തോടിന് കട്ടി ലഭിക്കണമെങ്കിൽ കക്കതോട് കൊടുക്കണം.
അതിന് വൻ വിലകയറ്റമാണുണ്ടായത്. കോഴിത്തീറ്റയും നൽകുന്നുണ്ട്. അത് ചാക്കിന് 1800 രുപയാണ് വില. താറാവുകൾക്കായി പ്രത്യേക തീറ്റയൊന്നും വരുന്നില്ല. മുട്ടയിടുന്ന പ്രായംവരെ ഇവയെ വളർത്തുക വലിയ ചെലവും പരീക്ഷണം നേരിടലുമാണ്. തീറ്റ ചെലവ് വളരെ കൂടുതലാണ്. ഒരു മുട്ട വിറ്റാൽ എട്ടു രൂപയെ കർഷകന് ലഭിക്കൂ.
കർഷകർ തൊഴിൽനഷ്ട ഭീഷണിയിൽ
പ്രകൃതിയോട് മല്ലിട്ടാണ് താറാവുകർഷകരുടെ ജീവിതം. വേനലായാൽ വെള്ളമില്ലാത്തതിന്റെ പ്രശ്നം, മഴയായാൽ വള്ളംകയറി താറാവുകൾ ഒഴുകിപോകുമെന്ന പ്രശ്നം. അതിനിടെ അശനിപാതം പോലെ പക്ഷിപ്പനി എന്ന ദുരന്തത്തിന്റെ വരവിനെയും നേരിടണം.
കുട്ടനാട്ടിൽ മാത്രം ഇപ്പോൾ 15 ലക്ഷത്തോളം താറാവുകളുണ്ടാകുമെന്നാണ് താറാവ് കർഷകരുടെ സംഘടനയായ ഐക്യ താറാവ് കർഷക സംഘം ഭാരവാഹികൾ പറയുന്നത്. മൃഗസംരക്ഷണ വകുപ്പ് അടുത്ത കാലത്തൊന്നും സർവേ നടത്തിയിട്ടില്ല. 2019ൽ നടത്തിയ സർവേയനുസരിച്ച് കുട്ടനാട്ടിൽ 7,73,127 താറാവുളെയുള്ളൂവെന്ന് പറയുന്നു. കഴിഞ്ഞ വർഷം മുട്ട ഉൽപാദനത്തിന്റെ കണക്ക് മൃഗസംരക്ഷണ വകുപ്പ് എടുത്തിരുന്നു. പ്രതിദിനം 1,12,255 മുട്ട ഉൽപാദനമുണ്ടെന്നാണ് കണക്ക്. ഈ കണക്ക് പൂർണമായും തെറ്റാണെന്ന് ഐക്യ താറാവ് കർഷക സംഘം സെക്രട്ടറി സാമുവൽകുട്ടി പറയുന്നു.
ഇപ്പോൾ ഐക്യ താറാവ് കർഷക സംഘത്തിൽ 238 താറാവ് കർഷകർ അംഗങ്ങളായുണ്ട്. 2014ൽ 1600 കർഷകർ സംഘടനയിലുണ്ടായിരുന്നു. മിക്കവരും ഈ തൊഴിൽ ഉപേക്ഷിച്ചുതുടങ്ങിയതിനാൽ സംഘടനയിൽ അംഗസംഖ്യ കുറയുകയാണ്. വൻകിട കർഷകരേ ഇപ്പോഴുള്ളൂ. ചെറുകിടക്കാരെല്ലാം താറാവ് വളർത്തൽ നിർത്തി. മുമ്പ് നൂറും ഇരുന്നൂറും ഒക്കെ താറാവുകളെ വളർത്തുന്നവർ ഏറെയുണ്ടായിരുന്നു. ഇപ്പോൾ 5000 മുതൽ 25,0000 വരെ ഒക്കെ വളർത്തുന്നവരാണുള്ളത്. ഇവരുടെ പക്കൽ ഇപ്പോൾ 15 ലക്ഷത്തോളം താറാവുകളുണ്ടെന്നും സാമുവൽ കുട്ടി പറയുന്നു. ചെറുകിടക്കാർ നിർത്താനുള്ള പ്രധാന കാരണം കൂലിചെലവാണ്. മൂന്നും നാലും ജോലിക്കാരെ നിയോഗിച്ചെങ്കിലേ താറാവുകളെ രാപ്പകൽ സംരക്ഷിക്കാനാവൂ. അല്ലെങ്കിൽ പട്ടികളും നീർനായ്ക്കളുമെല്ലാം അവയെ കൊന്നൊടുക്കും. ഒരാളെ ജോലിക്കു വച്ചാൽ പോലും ദിവസം 1000 രൂപയോളം ശമ്പളം നൽകണം. അല്ലെങ്കിൽ രാപ്പകൽ ഉടമ ഉറക്കം ഒഴിഞ്ഞ് കാവലിരിക്കണം. അത് മനുഷ്യസാധ്യവുമല്ല.
ഉള്ളിൽ തീയുമായി ബാവച്ചൻ
താറാവ് കർഷകനായ പള്ളിപ്പാട്ട് കുരീത്തറ ബാവച്ചൻ മനസ്സ് നിറയെ ആധിയുമായി പടവരമ്പത്ത് താറാവുകൾക്ക് കാവലിരിക്കുകയാണ്. എന്തെങ്കിലും ലക്ഷണപ്പിശക് തന്റെ താറാവുകൾക്ക് വന്നുപോയാൽ പ്രതീക്ഷകളെല്ലാം തകർന്നടിയും
പാരമ്പര്യ താറാവ് കർഷകനാണ് ബാവച്ചൻ. അദ്ദേഹത്തിന്റെ പിതാവിനും ഇതായിരുന്നു തൊഴിൽ. 40 വർഷമായി ബാവച്ചൻ സ്വന്തമായി താറാവിനെ വളർത്തുന്നു. ഇപ്പോൾ 5000 എണ്ണമുണ്ട്. ആറുമാസം പ്രായമായവ. പനിബാധയെങ്ങാനുമുണ്ടായാലുള്ള അവസ്ഥ ഓർത്താണ് ബാവച്ചൻ ആശങ്കപ്പെടുന്നത്.
കൈവശമുള്ളവയിൽ പകുതിയും മുട്ടയിടാൻ തുടങ്ങി. ദിവസം 1000 മുട്ടയോളം ലഭിക്കും. എന്നിരുന്നാലും സാമ്പത്തിക മെച്ചം ഇറച്ചിയായി വിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാടത്ത് നിന്ന് തീറ്റകിട്ടിയാൽ മെച്ചമാണ്. തീറ്റകൊടുത്ത് വളർത്തിയാൽ നഷ്ടമാണ്. അരിക്കൊക്കെ വലിയ വിലയാണ്. മുതലാവില്ല. പാടത്ത് നിന്ന് തീറ്റകിട്ടണമെങ്കിൽ കൊയ്ത്തിന്റെ സീസൺ നോക്കി കുഞ്ഞുങ്ങളെ എടുത്ത് വളർത്തണം. ഇപ്പോൾ പാടത്ത് തീറ്റയുണ്ട്. ഇവിടെ താറാവുകളെ പാടത്ത് ഇറക്കുന്നതിന് കർഷകർക്ക് എതിർപ്പില്ല. മറ്റ് ദൂരെ സ്ഥലങ്ങളിലെ പാടങ്ങളിൽ കൊണ്ട് ചെന്ന് ഇറക്കുമ്പോൾ അവിടത്തുകാർ പക്ഷിപ്പനി പേടിച്ച് എതിർപ്പുമായി എത്തും. കായംകുളത്തും കരുനാഗപ്പള്ളിയിലുമൊക്കെ അത്തരം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്.
രണ്ട് മക്കളാണ് ബാവച്ചന്. ഒരാൾ ബി.എസ്.സി നഴ്സിങ് പഠിക്കുന്നു. മറ്റെയാൾക്ക് കൊച്ചി ഷിപ്പിയാഡിൽ ജോലിയാണ്. താറാവ് വളർത്തലിലൂടെയാണ് മക്കളെ പഠിപ്പിച്ചതും കുടുംബം പുലരുന്നതുമെല്ലാം. മക്കൾ ഈ തൊഴിലിലേക്ക് വന്നില്ല. ഈ തൊഴിൽ ലാഭകരമെന്ന് പറയാനൊക്കില്ല. കഴിഞ്ഞ;പോകാമെന്നേയുള്ളൂ. നാല; ജോലിക്കാരുണ്ട്. അവരുടെ കൂലി, തീറ്റച്ചെലവ് എല്ലാം കഴിഞ്ഞാൽ വലിയ ലാഭമൊന്നും കിട്ടില്ല. ഇത്രകാലവും ഇതായിരുന്നു തൊഴിൽ. ഇനിയിപ്പോൾ മറ്റ് തൊഴിലിന് പോകാനുമാകില്ല.
അതിനാലാണ് ഇവയെ വളർത്തുന്നത്. നാല; ജോലിക്കാർക്ക് ദിവസം 4000 രൂപ കൊടുക്കണം. മുൻകാലങ്ങളിൽ രോഗബാധവന്ന് കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് സർക്കാർ നഷ്ടപരിഹാരം ലഭിച്ചു. സർക്കാർ തരുന്ന നഷ്ടപരിഹാരം കൊണ്ട് മുതലാകoല്ല. ഇപ്പോൾ കൈവശമുള്ള താറാവ് ഒന്നിന് 300 രൂപ വിലവരും. രോഗബാധയുണ്ടായി കള്ളിങ്ങിന് വിധേയമാക്കേണ്ടിവന്നാൽ 200 രൂപയെ ലഭിക്കൂ എന്നും ബാവച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.