ഹൗസ് ബോട്ടുകളിൽ താറാവ് ഔട്ട്; ബീഫ് ഇൻ
text_fieldsകോട്ടയം: കോവിഡ് പ്രതിസന്ധികളിൽനിന്ന് കരകയറാനുള്ള തീവ്രശ്രമങ്ങൾക്കിടെ കായൽ ടൂറിസം മേഖലക്ക് തിരിച്ചടിയായി പക്ഷിപ്പനി. ക്രിസ്മസ്-പുതുവത്സര സീസണുകളിൽ ആഭ്യന്തര സഞ്ചാരികൾ കൂടുതലായി എത്തിയതോടെ മേഖല ഉണർവിലായിരുന്നു.
ഇതിനിടെയാണ് പക്ഷിപ്പനി എത്തിയത്. ഇത് ഹൗസ് ബോട്ട് മേഖലക്കാണ് കൂടുതൽ പ്രഹരമായിരിക്കുന്നത്. പക്ഷിപ്പനി ഭീതി പടർന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി ബോട്ടുടമകൾ പറയുന്നു. ഹൗസ് ബോട്ട് യാത്ര തെരെഞ്ഞടുക്കുന്നവരിൽ ഭൂരിഭാഗത്തിനും ഇതിലെ ഭക്ഷണവും ആകർഷണീയതയായിരുന്നു.
കുമരകത്ത് എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും താറാവ് മപ്പാസ്, റോസ്റ്റ് എന്നിവയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പുതിയ സാഹചര്യത്തിൽ സഞ്ചാരികൾ ഇത് ഒഴിവാക്കിത്തുടങ്ങി. പലരും ഭക്ഷണം ഒഴിവാക്കി മടങ്ങാനും ആരംഭിച്ചതോടെ ഹൗസ്ബോട്ടുകൾ ഭക്ഷണക്രമം അഴിച്ചുപണിതു.
താറാവിനെ പൂർണമായി ഒഴിവാക്കി പകരം ബീഫിന് കൂടുതൽ പരിഗണന നൽകിയിരിക്കുകയാണ്. ഒപ്പം സഞ്ചാരികൾക്ക് ഇലയിൽ വെജിറ്റേറിയൻ സദ്യയെന്ന വാഗ്ദാനവും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്. കക്കയിറച്ചി, കരിമീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയവയും താറാവിന് പകരമായി മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവിനൊപ്പം കോഴിയിറച്ചിയും ഒഴിവാക്കി. വിവിധ മത്സ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തി.
അതിനിടെ, താറാവ് വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കടകൾക്കും താഴുവീണു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും തണ്ണീർമുക്കം ബണ്ട് റോഡിലും കുമരകം റോഡിലും താറാവ്, മുട്ട വ്യാപാരം സജീവമായിരുന്നു. ഇതെല്ലാം നിലച്ചു. ഒരുകിലോ താറാവിന് 320 മുതൽ 370 വരെയായിരുന്നു വില. ഡ്രസ് ചെയ്ത് നൽകുമെന്നതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു.
മുട്ടക്ക് ഒരെണ്ണത്തിന് എട്ടുമുതൽ ഒമ്പത് രൂപവരെയായിരുന്നു കച്ചവടം നടത്തുന്നത്. വഴിയോര കടകളിൽനിന്ന് താറാവും മുട്ടകളും വാങ്ങാൻ മറ്റ് ജില്ലകളിൽനിന്നും ആവശ്യക്കാർ എത്തുമായിരുന്നു. ഇവരെല്ലാം യാത്ര അവസാനിപ്പിച്ചു. പല ഹോട്ടലുകളും താറാവിനെ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.