രണ്ടുമാസമായി അവധിയില്ല: കോവിഡ് കാലത്ത് വലഞ്ഞ് ക്യാമ്പ് ഫോളോവേഴ്സ്
text_fieldsകൊച്ചി: കോവിഡുകാലത്ത് രണ്ട് മാസത്തിലേറെയായി അവധിയും വിശ്രമവുമില്ലാതെ വലഞ്ഞ് പൊലീസിലെ ക്യാമ്പ് ഫോളോവേഴ്സ് വിഭാഗം. ആഴ്ചയിൽ ലഭിക്കേണ്ട ഒരുദിവസത്തെ അവധിപോലുമില്ലാതെ ലോക്ഡൗൺ കാലത്ത് പലർക്കും 24 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. പൊലീസിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്ന ജോലിയാണ് ക്യാമ്പ് ഫോളോവർമാരുടേത്.
കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടികളിലടക്കം പൊലീസുകാർക്കൊപ്പം നിലകൊള്ളുമ്പോഴും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. പൊലീസുകാർക്ക് കോവിഡ് പശ്ചാത്തലത്തിൽ ഏഴുദിവസത്തെ ജോലിക്കുശേഷം ഏഴുദിവസം വിശ്രമം അനുവദിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ ഡി.ജി.പി പുറപ്പെടുവിച്ചപ്പോൾ ക്യാമ്പ് ഫോളോവേഴ്സ് അതിൽ ഉൾപ്പെട്ടില്ല.
ജില്ല സായുധസേന ക്യാമ്പുകൾ, കെ.എ.പി, എം.എസ്.പി ബറ്റാലിയനുകൾ, സ്പെഷൽ ആംഡ് പൊലീസ്, പൊലീസ് ട്രെയിനിങ് കോളജ്, വനിത ബറ്റാലിയൻ, ഐ.ആർ.ബി തുടങ്ങിയ വിഭാഗങ്ങളിലായി 30 വനിതകളുൾപ്പെടെ 1260 പേരാണ് ജോലി ചെയ്യുന്നത്. സ്ത്രീകൾക്ക് അടിസ്ഥാനസൗകര്യംപോലും ലഭിക്കുന്നില്ലെന്ന് കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
10 വർഷമായി ക്യാമ്പ് ഫോളോേവഴ്സ് തസ്തികയിൽ നിയമനം നടക്കാത്തതിനാൽ നാനൂറോളം ഒഴിവുകളാണ് നികത്തപ്പെടാനുള്ളത്. 1966 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടെ, നിർദേശങ്ങൾ മറികടന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇവരെ വീട്ടുജോലി ചെയ്യിപ്പിക്കുന്നതായും അനാവശ്യമായി സസ്പെൻഷനുകൾക്ക് വിധേയമാക്കുന്നതായും പരാതിയുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ജീവനക്കാർ നിവേദനം നൽകിയെങ്കിലും തീരുമാനമുണ്ടായില്ല. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് തീരുമാനമെന്ന് കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.