കോവിഡും വിലക്കയറ്റവും; 'നിർമാണ'മില്ലാതെ നിർമാണ മേഖല
text_fieldsപള്ളിക്കര: നിർമാണ സാമഗ്രികളുടെ വിലവർധനയും കോവിഡ് വ്യാപനവും ലോക്ഡൗണും നിർമാണമേഖലയെ പ്രതിസന്ധിയിലാക്കി. കമ്പിക്കും സിമൻറിനും ഒപ്പം ക്രഷര്‍ ഉൽപന്നങ്ങള്ക്കും വില വർധിച്ചതാണ് കോവിഡിൽ വലയുന്ന മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒരുവര്‍ഷത്തിനിടെ സിമൻറിനും കമ്പിക്കും ക്രഷര്‍ ഉല്പന്നങ്ങള്ക്കും നിരവധി പ്രാവശ്യം വിലവർധിച്ചു.
കോവിഡ് ആരംഭിക്കും മുമ്പ് സിമൻറിന് 360, 370 രൂപ ആയിരുെന്നങ്കിൽ ഇപ്പോൾ 440 - 450 രൂപയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 100രൂപയിലധികമാണ് വർധിച്ചത്. കമ്പിക്കും ഒരുവര്‍ഷത്തിനിടെ വില വർധിച്ചു. ഐ.എസ്.ഐ കമ്പികള്‍ക്ക് കിലോക്ക് 66 മുതല്‍ 74 നില്ക്കുമ്പോള് ബ്രാൻഡഡ് കമ്പികള്‍ക്ക് അതിലും കൂടുതലാണ് വില.
മെറ്റൽ, സാൻഡ് എന്നിവക്ക് ഒരടിക്ക് മൂന്ന്, നാല് രൂപ വരെയാണ് കൂടിയത്. കരിങ്കല്ല് ലഭിക്കാതായതോടെ ചെറുകിട ക്രഷറുകള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. ക്വാറി ലൈസന്‍സ് പുതുക്കിനല്കാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്്. ഇപ്പോള്‍ കരിങ്കല്ല് എത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്.
ഇതോടെ വിലയും വർധിച്ചു. പാറമടകള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ.
ചെറുകിട ക്രഷറുകളില്‍ പോലും ദിവസവും ടോറസ് ടിപ്പറുകള്‍ക്ക് 40 ലോഡിലധികം ലോഡ് കരിങ്കല്ല് വേണമെന്നിരിക്കെ ദിവസവും ഒരുലോഡ് പോലും ലഭിക്കുന്നിെല്ലന്നാണ് ക്രഷര്‍ ഉടമകള്‍ പറയുന്നത്.
ക്രഷറുകളെ ആശ്രയിച്ചാണ് ഹോളോബ്രിക്സ് യൂനിറ്റുകളും മണല്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നത്. ക്രഷര്‍ യൂനിറ്റുകളുടെ പ്രതിസന്ധി ഇതിനെയും ബാധിക്കും.
എറണാകുളം ജില്ലയില്‍ മാത്രം മൂന്ന് ലക്ഷത്തില്‍പരം അന്തർ സംസ്ഥാനക്കാര്‍ നിര്‍മാണ മേഖലയില്‍ ജോലിയെടുക്കുന്നുണ്ട്. ഇതിന് പുറമെയാണ് നാട്ടുകാരായ തൊഴിലാളികളും. വിലവർധന കരാറുകാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പഴയ കരാര്‍ അനുസരിച്ച് പല ജോലികളും പൂര്‍ത്തീകരിക്കാനാകില്ലെന്ന് കരാറുകാർ പറയുന്നു. ഇതോടെ നിര്‍മാണം പകുതിയാക്കിയ പല പദ്ധതികളിലും മുടക്കിയ പണം നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ട്. കാലാവസ്ഥയും പ്രതികൂലമാകുകയാണ്. ഇതോടെ ലോക്ഡൗണ്‍ പിന്‍വലിച്ചാലും നിര്‍മാണമേഖലയിലെ പ്രതിസന്ധി രൂക്ഷമായി നിലനില്ക്കും. ഇത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.