കേരളത്തിൽ ഇരട്ട ജനിതക മാറ്റം?; ആരോഗ്യവകുപ്പ് പഠനം തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റത്തിന് വിധേയമായ (ഡബിൾ മ്യൂട്ടൻറ്) വൈറസ് വ്യാപനമുണ്ടോ എന്ന് സംശയമുയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പഠനം തുടങ്ങി. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗം ഇതിന് ആരോഗ്യവകുപ്പിന് നിർദേശം നൽകിയിരുന്നു. വേഗത്തിലുള്ള വൈറസ് വ്യാപനത്തിന് പുറമെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിലും രോഗബാധയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇരട്ട വകഭേദങ്ങളെക്കുറിച്ച് സംശയമുയരുന്നത്. ഡൽഹി, കർണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം പത്ത് സംസ്ഥാനങ്ങളിൽ ഇരട്ട ജനിതക മാറ്റം സ്ഥിരീകരിച്ചിരുന്നു.
കോവിഡിെൻറ വ്യാപന തീവ്രതയും വൈറസിെൻറ ജനിതക വകഭേദവും തമ്മിൽ ബന്ധമുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിവരയിടുന്നത്. ഇൗ സാഹചര്യത്തിൽ കേരളത്തിലെ 'ഇരട്ട മാറ്റ'ത്തെ തള്ളിക്കളയാനാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സി.എസ്.െഎ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജിനോമിക്സ് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജി (െഎ.ജി.െഎ.ബി) നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് മിക്ക ജില്ലയിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം (N440K) സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവ അപകടകാരിയാണെന്ന് കണ്ടെത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ സാഹചര്യങ്ങൾ മാറിയതാണ് കോർ കമ്മിറ്റി പ്രധാനമായും പരിഗണിച്ചത്. െഎ.ജി.െഎ.ബിയുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് ഇരട്ട വകഭേദം സംബന്ധിച്ച് നടപടി ആരംഭിച്ചത്. തെരഞ്ഞെടുപ്പിനുശേഷം വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ െഎ.ജി.െഎ.ബി പഠനത്തിലാണ്. ഒരാഴ്ചക്കുള്ളിൽ പരിശോധന ഫലം ലഭിക്കും.
ഏപ്രിൽ 16നും 17 നും നടത്തിയ മാതൃകയിൽ രണ്ടാം കൂട്ടപരിശോധന നടത്താനും കോർ കമ്മിറ്റി നിർദേശിച്ചിരുന്നു. ആൻറിജൻ, ആർ.ടി.പി.സി.ആർ അടക്കം 2.5 ലക്ഷം പരിശോധനയാണ് ലക്ഷ്യമിട്ടതെങ്കിലും 3,00,971 പരിശോധന നടന്നു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ, പരിശോധന സാമഗ്രികൾ, അവശ്യ മരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നതാണ് കോർ കമ്മിറ്റിയുടെ മറ്റൊരു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.