കുടിശ്ശിക, കണക്ടഡ് ലോഡ്: കെ.എസ്.ഇ.ബി നടപടി ശക്തമാക്കും
text_fieldsതിരുവനന്തപുരം: 2022-23 ലെ കടത്തിന്റെ 75 ശതമാനം ഏറ്റെടുത്ത് സർക്കാർ പണം നൽകിയതിന് പിന്നാലെ കുടിശ്ശിക, കണക്ടഡ് ലോഡ് ക്രമപ്പെടുത്തൽ എന്നിവയിൽ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി. 3585 കോടിയിലേറെ രൂപയുടെ കുടിശ്ശികയാണ് സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നായി ലഭിക്കാനുള്ളത്.
ഇതിൽ സർക്കാർ വകുപ്പുകളുടെ പണം ഈടാക്കാൻ പരിമിതിയുണ്ട്. ഗാർഹിക ഉപഭോക്താക്കൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള കുടിശ്ശിക പിരിവ് പരാമാവധി ഊർജിതമാക്കാനും നിയമനടപടി ആവശ്യമുള്ളവയിൽ തുടർപ്രവർത്തനം വേഗത്തിലാക്കാനുമാണ് നീക്കം.
സർക്കർ സ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കുന്നതിൽ സാവകാശം നൽകുകയാണ് പതിവ്. അവശ്യ സർവിസുകളുടെ കാര്യത്തിൽ കണക്ഷൻ തുടരും. എന്നാൽ ഗാർഹിക ഉപഭോക്താക്കളും സ്വകാര്യ സ്ഥാപനങ്ങളും മുടക്കം വരുത്തിയാൽ ഉടൻ കണക്ഷൻ വിച്ഛേദിക്കുകയും കുടിശ്ശിക പിരിച്ചെടുക്കാൻ നിയമനടപടിയടക്കം സ്വീകരിക്കുകയും ചെയ്യും.
തർക്കങ്ങളും നിയമക്കുരുക്കും മൂലം കുടിശ്ശിക പിരിവിൽ തടസ്സങ്ങളേറെയാണ്. എങ്കിലും വരുമാന ചോർച്ച അടയ്ക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. കണക്റ്റഡ് ലോഡ് ക്രമപ്പെടുത്തുന്നതിന് മാർച്ച് 31 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ഇതിനു ശേഷം വീടുകളിലോ സ്ഥാപനങ്ങളിലോ പരിശോധന നടത്തി അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ചുമത്തും.
കണക്ടഡ് ലോഡ് സ്വയം വെളിപ്പെടുത്താൻ നേരത്തേ അവസരം നൽകിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് 31 വരെ കാലാവധി നീട്ടി നൽകി വ്യാപക പ്രചാരണം നടത്തിയത്. കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നാണു വെളിപ്പെടുത്തേണ്ടത്. അപേക്ഷ ഫീസ്, ടെസ്റ്റിങ് ഫീസ്, അഡീഷനൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.