ദം ദം ബിരിയാണി കോണ്ടസ്റ്റ്; രണ്ടാം ഘട്ടത്തിന് നാളെ തുടക്കം
text_fieldsകോഴിക്കോട്: ‘മാധ്യമം കുടുംബം’ റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘ദം ദം ബിരിയാണി കോണ്ടസ്റ്റ്’ ആദ്യഘട്ടം പൂർത്തിയായി. കണ്ണൂർ-കാസർകോട് (കണ്ണൂർ), മലപ്പുറം-പാലക്കാട് (മലപ്പുറം), കോഴിക്കോട്- വയനാട് (കോഴിക്കോട്) എന്നിങ്ങനെ മൂന്ന് മേഖലകളിലായി നടക്കുന്ന രണ്ടാംഘട്ട മത്സരങ്ങൾക്ക് നവംബർ ഒന്നു മുതൽ തുടക്കമാവും.
ആദ്യഘട്ട മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുത്ത 150 പേരെ ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ട മത്സരം. ഓരോ മേഖലയിലും 50 വീതം മത്സരാർഥികൾ പങ്കെടുക്കും.
കണ്ണൂർ മേഖല മത്സരം നവംബർ ഒന്നിന് ന്യൂ മാഹി ലോറൽ ഗാർഡൻ കൺവെൻഷൻ സെന്ററിലും രണ്ടിന് മലപ്പുറം മേഖല മത്സരം പെരിന്തൽമണ്ണ അയിഷ കോംപ്ലക്സിലും നടക്കും. മൂന്നിന് കോഴിക്കോട് കണ്ണങ്കണ്ടി ഇ സ്റ്റോറിലാണ് കോഴിക്കോട് മത്സരം.
കണ്ണൂരിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത്, മലപ്പുറത്ത് മഞ്ഞളാംകുഴി അലി എം.എൽ.എ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.
പാചക രംഗത്തെ പ്രമുഖരായ വിനോദ് വടശ്ശേരി, റഷീദ് മുഹമ്മദ്, സന്ദീപ് ഒ, ശിഹാബ് ചൊക്ലി, ഷമീം അഹമ്മദ് എസ്.എ.പി, തസ്നി ബഷീർ, റാഫിയ സി.കെ, സമീറ മെഹബൂബ്, ശ്രുതി അജിത്ത് എന്നിവർ വിധി നിർണയിക്കും.
ഗ്രാൻഡ് ഫിനാലെ 17ന് കോഴിക്കോട് ബീച്ചിൽ
രണ്ടാംഘട്ട മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി നവംബർ 17ന് കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. സെലിബ്രിറ്റി ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവർ വിധി നിർണയിക്കും.
വിജയിക്ക് ‘ബിരിയാണി ദം സ്റ്റാർ’ പട്ടം സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടാനെത്തും. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.