ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട ഉന്നംതെറ്റി സമീപ വീട്ടിലേക്ക്
text_fieldsകോട്ടയം: റൈഫിൾ അസോസിയേഷന്‍റെ ഷൂട്ടിങ് റേഞ്ചിൽ പൊലീസ് പരിശീലനം നടക്കുന്നതിനിടെ ഉന്നംതെറ്റിയ വെടിയുണ്ട സമീപവീട്ടിലെ ജനൽ ചില്ലിൽ തറച്ചുകയറി. തലനാരിഴക്കാണ് മുറിയിലിരുന്ന് പഠിക്കുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനി രക്ഷപ്പെട്ടത്. നാട്ടകം പോളിടെക്നിക്കിനു സമീപം ബിന്ദു നഗറിൽ ഉള്ളാട്ടിൽ ജേക്കബിന്‍റെ വീടിന്‍റെ പിൻവശത്തെ ജനലിലേക്കാണ് വെടിയുണ്ട പതിച്ചത്. ഇവിടെ വാടകക്ക് താമസിക്കുകയാണ് സോണി.
ജനൽ ചില്ല് തുളച്ച വെടിയുണ്ട മുറിക്കകത്താണ് വീണത്. ശനിയാഴ്ച രാവിലെ 10.30യോടെയാണ് സംഭവം. രാവിലെ ഏഴര മുതൽ റേഞ്ചിൽ പരിശീലനം നടക്കുന്നുണ്ടായിരുന്നു. സോണിയുടെ മകൾ അൽക്ക അകത്തെ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു. ജനലിൽ എന്തോ വന്നടിക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ജനൽ ചില്ല് തുളച്ചുവന്ന വെടിയുണ്ട കണ്ടെത്തിയത്. ഉടൻ ഷൂട്ടിങ് റേഞ്ചിലെത്തി അവരോട് വിവരം പറഞ്ഞു.
ആരും എത്താതിരുന്നതോടെ ചിങ്ങവനം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വെടിയുണ്ട കല്ലിൽ തട്ടി ദിശ മാറി എത്തിയതാണെന്ന് കണ്ടെത്തി. പിന്നീട് ഷൂട്ടിങ് പരിശീലനം നടത്തിയിരുന്നവരും എത്തി. ജനൽ ശരിയാക്കി നൽകാമെന്ന് ഇവർ വീട്ടുകാരെ അറിയിച്ചു.
ഷൂട്ടിങ് പരിശീലനം നിർത്തിവെക്കുകയും ചെയ്തു. ഇവരുടെ വീടിനോട് ചേർന്നാണ് തുറന്ന ഷൂട്ടിങ് റേഞ്ച്. നിരവധി വീടുകളും പോളിടെക്നിക്കും സമീപത്തുണ്ട്. ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് മുൻകരുതലില്ലാതെ ഷൂട്ടിങ് പരിശീലനം നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ടുവർഷം മുമ്പ് പരിശീലനത്തിനിടെ രണ്ടു ബുള്ളറ്റ് വ്യാപാരസ്ഥാപനത്തിൽ പതിച്ചത് വിവാദമായിരുന്നു. അന്നും ഷൂട്ടിങ് റേഞ്ച് മാറ്റണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.