മീഡിയ വൺ സംപ്രേഷണ വിലക്കിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി, ദുഷ്യന്ത് ദവെ ഹാജരാകും
text_fieldsകൊച്ചി: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ അപ്പീൽ നൽകി. ഹൈകോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. അപ്പീലിൽ നാളെ വാദം കേൾക്കും. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് മീഡിയവണിനായി ഹാജരാകുക. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകരായ എസ് ശ്രീകുമാറും ജെയ്ജു ബാബുവും ദവെക്കൊപ്പം ഹാജരാകും. മീഡിയവണ്‍ മാനേജ് മെന്റ്, ജീവനക്കാർ, പത്രപ്രവർത്തക യൂണിയൻ എന്നിവരാണ് ഹരജിക്കാർ.
ഒരു ന്യൂസ് ചാനലിന് ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന വാർത്തകൾ മാത്രം എപ്പോഴും നൽകാൻ കഴിയാറില്ല. സത്യസന്ധവും വസ്തുതാപരവുമായ വാർത്തകളുടെ പേരിൽ ചാനൽ ഇരയാക്കപ്പെടുകയായിരുന്നു എന്ന് അപ്പീലിൽ പറയുന്നു.
കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും നിയമപോരാട്ടം തുടരുമെന്നും ചാനല്‍ അറിയിച്ചിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് എന്‍ നാഗരേഷിന്റേതാണ് വിധി.
ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈകോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.