അടച്ചുപൂട്ടിയ ഡ്യൂട്ടി ഫ്രീ ഷോപ് തുറക്കാൻ ഹൈകോടതി അനുമതി
text_fieldsകൊച്ചി: വിദേശ യാത്രക്കാരുടെ പേരില്‍ അനധികൃതമായി മദ്യം വിറ്റ് ക്രമക്കേട് നടത്തിയ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അടച്ചുപൂട്ടിയ ഡ്യൂട്ടി ഫ്രീ ഷോപ് തുറക്കാൻ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഏപ്രിൽ 19 മുതൽ അടച്ചിട്ടിരിക്കുന്ന ഷോപ്പ് തുറക്കാൻ അനുവദിക്കാത്തത് വൻ സാമ്പത്തിക നഷ്ടവും യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പ്ലസ്മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ് നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
സ്ത്രീകളുടെയും കുട്ടികളുടെയും പേരിൽ ഉൾപ്പെടെ മദ്യം പുറത്തെത്തിച്ച് വിറ്റ് ആറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നടക്കുകയാണ്. ഇതിെൻറ ഭാഗമായാണ് ലൈസൻസ് റദ്ദാക്കിയത്. അന്വേഷണം പൂർത്തിയാകാനായിട്ടും ഷോപ് തുറന്നു നൽകാത്തത് ദുരുദ്ദേശ്യപരമാണെന്നാണ് ഹരജിയിലെ ആരോപണം. സ്ഥാപനം തുറക്കണം എന്ന കസ്റ്റംസ് ചീഫ് കമീഷണറുടെ ഉത്തരവ് താഴെയുള്ള ജീവനക്കാർ പാലിക്കുന്നില്ല. എന്നാൽ, ഒേട്ടറെ യാത്രക്കാരുടെ വ്യാജ രേഖകളുണ്ടാക്കി മദ്യം ഉൾപ്പെടെയുള്ള വസ്തുക്കൾ പുറത്തുവിൽക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ആറ് വയസ്സുള്ള കുട്ടിയുടെ പേരിൽ പോലും 24 ബിയറുകളും ഒരു വിദേശ നിർമിത മദ്യവും പുറത്തുവിറ്റതായി കണ്ടെത്തി. ഇത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ലൈസൻസ് സസ്പെൻഡ് ചെയ്തത് അന്വേഷണത്തിെൻറ ഭാഗമായാണ്. ആറാഴ്ചക്കകം അന്വേഷണം പൂർത്തിയാവും. അന്വേഷണം തുടങ്ങിയിട്ട് ഇപ്പോഴാണ് പരാതിയുമായി ഹരജിക്കാരൻ കോടതിയിലെത്തുന്നത്. കേസ് സി.ബി.െഎ, എൻ.െഎ.എ തുടങ്ങിയ ഏജൻസികളുടെ പരിഗണനക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സി.ഇ.ഒ സുന്ദരവാസൻ അറസ്റ്റിലായതായും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. അതിനാൽ, തുറന്നു നൽകണമെന്ന ആവശ്യം അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു.
അതേസമയം,ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഒരുമാസം അടച്ചിട്ടതിലൂടെ ഒന്നര കോടിയുടെ നഷ്ടം ഉണ്ടായതായി എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണവുമായി സ്ഥാപനം സഹകരിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഇടക്കാല ഉത്തരവിലൂടെ ഷോപ്പ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.