നവകേരള സദസ്: പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐ മർദനം; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലി
text_fieldsആലുവ/അങ്കമാലി: നവകേരള സദസ്സിനെതിരായ പ്രതിഷേധങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനം. ഫോർത്ത് കൊച്ചി റിപ്പോർട്ടർ വിഷ്ണു പ്രകാശിനെയും കാമറമാൻ മാഹിൻ ജാഫറിനെയുമാണ് ക്രൂരമായി മർദിച്ചത്. അങ്കമാലിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഡി.വൈ.എഫ്.ഐക്കാർ കൈകാര്യം ചെയ്തു. പൊലീസ് നോക്കിനിൽക്കെയാണ് രണ്ടിടത്തും മർദനങ്ങളുണ്ടായത്.
ആലുവ പറവൂർ കവലയിലാണ് മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയത്. ബൈക്കിൽ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചത് കാമറയിൽ പകർത്തിയതിനായിരുന്നു ആക്രമണം. കാമറയും മൊബൈൽ ഫോണും പിടിച്ചുവാങ്ങാൻ ശ്രമിച്ചു. നൽകാതെ വന്നതോടെ മർദിക്കുകയായിരുന്നു. തലക്കും നെഞ്ചിലും പുറത്തും തുടരെ ഇടിച്ചു. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്താൽ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അങ്കമാലിയിൽ പൊലീസ് നോക്കിനിൽക്കെയാണ് ഡി.വൈ.എഫ്.ഐ സംഘം മർദിച്ചത്. സംസ്ഥാന വൈസ് പ്രസിഡൻറ് വൈശാഖ് എസ്. ദർശൻ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ ബ്ലോക്ക് പഞ്ചായത്തോഫിസിന് സമീപം പ്രതിഷേധത്തിന് ഒരുങ്ങിനിന്ന പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 20ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. ഇതിനിടെ ചിതറി ഓടിയ ശേഷം ഹെൽമറ്റ് ധരിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.