പി. ജയരാജെൻറ മകനെതിരെ ഡി.വൈ.എഫ്.ഐ; നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണം
text_fieldsകണ്ണൂര്‍: സി.പി.എം നേതാവ് പി. ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിനെതിരെ ഡി.വൈ.എഫ്.ഐ. സാമൂഹിക മാധ്യമങ്ങളിലൂടെ ഡി.വൈ.എഫ്.ഐ. നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നെന്നാണ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ പരാതി. ഡി.വൈ.എഫ്.ഐ. പാനൂര്‍ ബ്ലോക്ക് സെക്രട്ടറിക്കെതിരെയുള്ള ജെയ്ന്‍ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ല കമ്മിറ്റി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഡി.വൈ.എഫ്.ഐയേയും നേതാക്കളെയും താറടിച്ചു കാണിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ജെയ്‌നിന്റെ പേര് എടുത്ത് പറയാതെ ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയിൽ വിമർശിക്കുന്നു. ഈ പ്രസ്താവന ഡി.വൈ.എഫ്.ഐയുടെ ജില്ല സെക്രട്ടറി സരിന്‍ ശശി ഫേസ് ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ഈ പോസ്റ്റിന്റെ അടിയിലും ന്യായീകരണം എന്ന പേരില്‍ ജെയ്ന്‍ രാജ് കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും ബാധകമാണ് പോസ്റ്റ് എന്നായിരുന്നു ഇക്കാര്യത്തിൽ സരിന്‍ ശശിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് ജെയ്ന്‍ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെ മോശം പ്രതികരണം ഫേസ്ബുക്കിലിട്ടത്. ഇത്തരക്കാരാണ് സംഘടനയെ ഭാവിയില്‍ നയിക്കേണ്ടത് എന്ന് മോശം ഭാഷയിലുള്ള വാക്കുപയോഗിച്ച് ജെയ്ന്‍ ഫേസ് ബുക്കിൽ കുറിച്ചു. തൊട്ടു പിന്നാലെ കിരണ്‍ അര്‍ജുന്‍ ആയങ്കിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള ഒരാളാടൊപ്പമാണ് വിവാഹത്തില്‍ കിരണ്‍ പങ്കെടുത്തതെന്നുള്ള ആരോപണവും ജെയ്നിെൻറ ഭാഗത്തുനിന്നുണ്ടായി. ഇതിനു പിന്നാലെയാണ് കണ്ണൂര്‍ ജില്ല കമ്മിറ്റി പരസ്യപ്രതികരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.