വിശ്വാസത്തെ മറയാക്കി തട്ടിപ്പ് നടത്തുന്ന കൊള്ളസംഘമായി യൂത്ത് ലീഗ് മാറി -എ.എ. റഹീം
text_fieldsകോഴിക്കോട്: വിശ്വാസത്തെ മറയാക്കി മനഃസാക്ഷിയില്ലാതെ തട്ടിപ്പ് നടത്തുന്ന കൊള്ളസംഘമായി യൂത്ത് ലീഗ് മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കഠ്വ കേസിെൻറ മറവിൽ വെള്ളിയാഴ്ച പള്ളികളിൽനിന്നും വിദേശത്തുനിന്നും പിരിച്ചെടുത്ത ലക്ഷങ്ങൾ ഏത് രീതിയിൽ ചെലവഴിച്ചെന്നതിന് തെളിവായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാൻ യൂത്ത് ലീഗ് നേതൃത്വം തയാറുണ്ടോ എന്നും റഹീം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
10 ലക്ഷത്തോളം രൂപ കേസ് നടത്തിപ്പിനായി അഡ്വ. മുബീൻ ഫാറൂഖിക്ക് നൽകിയെന്നായിരുന്നു ന്യായീകരണം. എന്നാൽ, കേരളത്തിൽനിന്ന് കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കഠ്വയിലെ ഇരയുടെ അഭിഭാഷകയായ ദീപിക സിങ് രജാവത്ത് വ്യക്തമാക്കിയിരിക്കുകയാണ്. മുബീൻ ഫാറൂഖി ഒരു സിറ്റിങ്ങിനുപോലും ഹാജരായിട്ടില്ലെന്നും ദീപിക സിങ് പറയുന്നു. സർക്കാർ അഭിഭാഷകരുടെ പാനലാണ് കേസ് നടത്തുന്നത്.
ദേശീയ നേതൃത്വം അറിഞ്ഞ് കൂട്ടമായി നടത്തിയ കൊള്ളയാണിത്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. പരാതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കാലടി സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഇൻറർവ്യൂ ബോർഡിലുള്ളവർക്ക് ഉദ്യോഗാർഥികളുമായുള്ള ബന്ധം അന്വേഷിക്കണം. സംസ്ഥാന ജോയൻറ് സെക്രട്ടറി വി. വസീഫ് ജില്ല പ്രസിഡൻറ് എൽ.ജി. ലിജീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.