അമ്മയുടെ നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകും -ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണക്കുന്ന തരത്തിൽ സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് ഡി.വൈ.എഫ്.ഐ. പ്രസ്തുത നിലപാട് ‘അമ്മ’ തിരുത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നടിക്കുനേരെ ആക്രമണം ഉണ്ടായ സമയത്ത് തന്നെ ഈ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉറച്ച നിലപട് സ്വീകരിച്ചിരുന്നു. എറണാകുളത്ത് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന സംഗമം സംഘടിപ്പിച്ച് നടിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകുകയാണ് ജനാധിപത്യ സമൂഹത്തിന്‍റെ കടമ. ആ കടമ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന ‘വിമൻ ഇൻ സിനിമ കളക്ടീവ്’ പ്രവർത്തകരുടെ നിലപാട് സ്വാഗതാർഹമാണ്.
നടിയുടെ സഹപ്രവർത്തകർക്കും അമ്മ സംഘടനക്കും നടിയെ പിന്തുണയ്ക്കാൻ ഉത്തരവാദിത്വമുണ്ട്. ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന അമ്മ സംഘടന സമൂഹത്തിൻറെ മുന്നിൽ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ കേരളീയ സമൂഹത്തിൻറെ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡി.വൈ.എഫ്.ഐ ഒാർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.