മെഡി. കോളജിൽ ഡി.വൈ.എഫ്.ഐ ആക്രമണം; കൂട്ടിരിപ്പുകാർക്കും സുരക്ഷാ ജീവനക്കാർക്കും മാധ്യമം ലേഖകനും മർദനം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മാധ്യമപ്രവർത്തകനും ഡി.വൈ.എഫ്.ഐക്കാരുടെ ക്രൂരമർദനം. ബുധനാഴ്ച രാവിലെ 10ഓടെ സന്ദർശകഗേറ്റിലാണ് സംഭവം. ഡി.വൈ.എഫ്.ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഘർഷവിവരമറിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ 'മാധ്യമം' സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനുനേരെയാണ് ആക്രമണമുണ്ടായത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ആക്രമികൾ ചാടിവീഴുകയായിരുന്നു. മൊബൈൽഫോൺ പിടിച്ചുവാങ്ങിയശേഷം ക്രൂരമായി മർദിക്കുകയും കഴുത്തിനുപിടിച്ച് തിരിക്കുകയും ചെയ്തു. ഫോൺ തിരിച്ചുകിട്ടാൻ സമീപിച്ചപ്പോൾ സംഘം വീണ്ടും മർദിച്ചു. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയപ്പോഴാണ് ആക്രമികൾ പിന്തിരിഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരായ ബാലുശ്ശേരി കണ്ണങ്കോട്ട് കെ.എ. ശ്രീലേഷ്, ദിനേശൻ നരിക്കുനി, രവീന്ദ്രപ്പണിക്കർ കുറ്റ്യാടി, രോഗിയുടെ കൂട്ടിരിപ്പുകാരനായ കോട്ടക്കൽ സ്വദേശി കെ. പ്രജീഷ് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ആക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തിരിച്ചറിഞ്ഞു.
സുരക്ഷാജീവനക്കാരെയും രോഗികൾക്കൊപ്പമെത്തിയവരെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ചതിന് ശിക്ഷാനിയമം 323 (ബോധപൂർവം പരിക്കേൽപിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 332 (പൊതുസേവകനെ ആക്രമിക്കൽ), 347 (തടഞ്ഞുവെക്കൽ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയെ അപമാനിച്ചെന്ന കേസിൽ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ 323, 341 എന്നിവക്കൊപ്പം 354 (സ്ത്രീയെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് ദമ്പതികൾ രാവിലെ മുഖ്യ കവാടത്തിലെത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. പ്രധാന കവാടത്തിലൂടെയല്ല സൂപ്രണ്ട് ഓഫിസിലേക്ക് പോകേണ്ടതെന്നും മറ്റൊരു ഗേറ്റിലൂടെ പോകണമെന്നും നിർദേശിച്ചെങ്കിലും പ്രധാന ഗേറ്റിലൂടെ പോകണമെന്ന് ദമ്പതികൾ വാശിപിടിക്കുകയും പോകാൻ ശ്രമിച്ചവരെ സുരക്ഷാജീവനക്കാരൻ തടയുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ഇയാൾ പുറത്തുനിന്ന് 15ഓളം പേരുമായി എത്തി സുരക്ഷാജീവനക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ സുരക്ഷാ ജീവനക്കാരനടക്കം മൂന്നുപേരെയും ചവിട്ടുകയും ക്രൂരമായി തൊഴിക്കുകയും ചെയ്യുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് സെക്യൂരിറ്റി ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. മാധ്യമപ്രവർത്തകനെതിരായ ആക്രമണത്തിൽ കെ.യു.ഡബ്ല്യൂ.ജെ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.