ഡി.വൈ.എഫ്.ഐ - ബി.ജെ.പി സംഘർഷം
text_fieldsപൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് പള്ളി കുളങ്ങരയിൽ ഡി.വൈ.എഫ്.ഐ ബി.ജെ.പി സംഘർഷം. പള്ളി കുളങ്ങരയിൽ പുതിയതായി നിർമിച്ച അംഗൻവാടിക്ക് സുരക്ഷയൊരുക്കുന്നതിന് വേലി കെട്ടുന്നത് സംബന്ധിച്ച തർക്കമാണ് ഇരു കൂട്ടരും തമ്മിൽ അടിപിടിയിൽ കലാശിച്ചത്.
ഞായറാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജിതിന്റെ നേതൃത്വത്തിൽ അംഗൻവാടിക്ക് സുരക്ഷയൊരുക്കാൻ വേലി കെട്ടാനാരംഭിച്ചത്. ഇത് ചോദ്യം ചെയ്യാനെത്തിയ ബി.ജെ.പി എട്ടാം വാർഡ് മെംബർ ലീനയും സംഘവും ഡി.വൈ.എഫ്.ഐ കെട്ടിയ വേലി പത്തലുകൾ ഊരിക്കളയുകയാണുണ്ടായത്. ഒമ്പതാം വാർഡ് ബി.ജെ.പി മെംബറായ മിഥുൻ ലാലും സംഘത്തിലുണ്ടായിരുന്നു.
അംഗൻവാടിക്ക് സുരക്ഷയൊരുക്കാൻ വേലി കെട്ടുന്നതിനായി അംഗൻവാടി ടീച്ചർ സേവ ഭാരതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അവർ എത്തി അത് ചെയ്തോളുമെന്നും തന്റെ വാർഡിൽ വേറെ ആരും ഇടപെടേണ്ടതില്ല എന്നും പറഞ്ഞാണ് വാർഡ് മെംബർ ഡി.വൈ.എഫ്.ഐ നാട്ടിയ വേലി കുറ്റികൾ ഊരി മാറ്റിയത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ അനുവാദ പ്രകാരമാണ് വേലി കെട്ടാനെത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും വാദിച്ചു. നാട്ടുകാരിടപെട്ടാണ് ഇരു കൂട്ടരെയും പിടിച്ച് മാറ്റിയത്. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജിതിൻ, ട്രഷറർ അഞ്ജലി, സറിൻ, ഷിബു, അജു എന്നിവരെ ബി.ജെ.പി വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ ആക്രമിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ യും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബി.ജെ.പി വാർഡ് മെംബർമാരെ മർദിച്ചു എന്നാരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.