കൊല്ലപ്പെട്ട ഔഫിന്‍റെ കുടുംബത്തിന് ഡി.വൈ.എഫ്.ഐ 45 ലക്ഷം രൂപ കൈമാറി
text_fieldsകാഞ്ഞങ്ങാട്: മുസ്ലിംലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് അബ്ദുള്‍ റഹ്മാന്‍റെ കുടുംബത്തിന് ഡി.വൈ.എഫ്.ഐ സ്വരൂപിച്ച സഹായ ധനം കൈമാറി. കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനത്തിൽ 45 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്‍റെ രേഖകളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വിതരണം ചെയ്തത്. 68.63 ലക്ഷം രൂപയാണ് ആകെ പിരിച്ചത്. ബാക്കി 23.63 ലക്ഷം രൂപ പഴയകടപ്പുറത്ത് ഔഫ് സ്മാരക ഗ്രന്ഥാലയം നിര്‍മിക്കുന്നതിനും കൊലപാതക കേസ് നടത്തിപ്പിനും ചെലവഴിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല നേതാക്കള്‍ അറിയിച്ചു.
കാസർകോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രണ്ടു ദിവസം വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഹൂണ്ടികപ്പിരിവ് നടത്തിയാണ് തുക സമാഹരിച്ചത്. ആകെ ലഭിച്ച 68,63,068 രൂപയിൽ ഔഫിന്‍റെ മാതാവ് കെ.പി. ആയിഷയുടെ പേരില്‍ കോട്ടച്ചേരി സര്‍വിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപയുടെ രേഖ, ഭാര്യ ഷാഹിനയുടെ പേരില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപയുടെ രേഖ, പിറക്കാനിരിക്കുന്ന കുഞ്ഞിന്‍റെ പേരില്‍ സംയുക്ത അക്കൗണ്ടില്‍ സ്ഥിരനിക്ഷേപം നടത്തിയ 25 ലക്ഷത്തിന്‍റെ രേഖ എന്നിവ ഔഫിന്‍റെ അമ്മാവന്‍ അബ്ദുൽ ഖാദര്‍, ഷാഹിനയുടെ സഹോദരന്‍ ആഷിഖ് എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് പി.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ പി. അപ്പുക്കുട്ടന്‍, എം. പൊക്ലന്‍, വി.വി. രമേശന്‍, ഏരിയ സെക്രട്ടറി കെ. രാജ്‌മോഹനന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രേവതി കുമ്പള, കെ. സബീഷ്, രതീഷ് നെല്ലിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ എന്‍. പ്രിയേഷ്, വിപിന്‍ കാറ്റാടി, വാര്‍ഡ് മെമ്പര്‍ ഫൗസിയ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു. ജില്ല സെക്രട്ടറി സി.ജെ. സജിത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.