ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷകസംഘടനയല്ല –എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂര്‍: പാർട്ടിക്ക് ബോംബ് നിർമിക്കേണ്ട കാര്യമില്ലെന്നും ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിനാണ് പോഷക സംഘടനകൾ. ബോംബ് നിർമാണ കേസിൽ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ അക്കാര്യം അവരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സന്നദ്ധ പ്രവർത്തനത്തിന് പോയവരെയാണ് പ്രതിചേർത്തത്. പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. സി.പി.എം ആരെയും ആക്രമിക്കില്ലെന്ന നിലപാട് സ്വീകരിച്ചതാണ്. ഇങ്ങോട്ട് ആക്രമിക്കപ്പെട്ടിട്ടും പാർട്ടി പ്രവർത്തകരെ കൊലചെയ്തിട്ടും നിലപാടിന് മാറ്റമുണ്ടായിട്ടില്ല. സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ ബോംബ് പൊട്ടുന്നത്. സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് മാറ്റണമെന്നത് കെ. സുരേന്ദ്രന്റെ ആഗ്രഹം മാത്രമാണ്.
ചരിത്രപരമായ പേരുകൾ ഒഴിവാക്കി പുരാണ നാമങ്ങൾ നൽകാനുള്ള ശ്രമം ഫാഷിസത്തിന്റെ ഭാഗമാണ്. ബി.ജെ.പി ജയിച്ചാലും കേരളത്തിൽ അതൊന്നും നടക്കില്ല. ദല്ലാൾ നന്ദകുമാറിനെ മുഖവിലക്കെടുക്കാനാവില്ല. മുഴുവനും തള്ളിക്കളയാനുമാകില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്താനുള്ള ബോധപൂർവമായ ശ്രമം നടന്നുവെന്നാണ് പുറത്തുവന്നത്. ഗൗരവമായ പരിശോധന നടക്കേണ്ടതുണ്ട്. ഫലപ്രദമായ സംസ്ഥാന, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.