'രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കാൻ ഗുണ്ടകളെ പറഞ്ഞയച്ചത് ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികൾ'
text_fieldsകൽപറ്റ: രാഹുൽ ഗാന്ധി എം.പി.യുടെ കൽപ്പറ്റയിലെ ഓഫിസ് അടിച്ച് തകർക്കാനും ജീവനക്കാരെ ആക്രമിക്കാനും എസ്.എഫ്.ഐ ഗുണ്ടകളെ പറഞ്ഞയച്ചത് സി.പി.എം. നേതൃത്വത്തിൻ്റെ അറിവോടെയെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് കെ.എം. ഫ്രാൻസിസും ജില്ല സെക്രട്ടറി കെ. റഫീഖുമാണ് ഗുണ്ടകളെ പറഞ്ഞയച്ചതെന്ന് അബ്രഹാം പറഞ്ഞു.
അക്രമത്തിന് നേതൃത്വം നൽകിയത് മന്ത്രി വീണാ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫംഗം അവിഷിത്ത് ആണന്നും കെ.കെ.അബ്രഹാം ആരോപിച്ചു. ഇവർ മൂന്ന് പേരെയുമാണ് ആദ്യം പ്രതി ചേർത്ത് അറസ്റ്റ് ചെയ്യേണ്ടത്. സി.പി.എം. ജില്ലാ ഓഫീസിൽ ഉച്ചക്ക് മുതൽ ഗുണ്ടകളെ സംഘടിപ്പിച്ച് മാർച്ച് എന്ന പേരിൽ അക്രമത്തിന് പറഞ്ഞയച്ച ഡി.വൈ.എഫ്.ഐ ഭാരവാഹികളായ ഫ്രാൻസിസും റഫീഖും ഗുണ്ടകളെ അകമ്പടി സേവിക്കുകയും അക്രമം നടത്തുമ്പോൾ പൊലീസിനൊപ്പം ഓഫീസിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.
പിന്നീട് സംഭവമറിഞ്ഞ് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ ഇരുവരും ഒളിച്ച് പോകുകയായിരുന്നു. മന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യേണ്ട പേഴ്സണൽ സ്റ്റാഫംഗം അക്രമത്തിന് എത്തിയത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സി.പി.എം. നേതൃത്വത്തിൻ്റെയും അറിവോടെയാണന്ന് സംശയിക്കണം. അവിഷിത്തിനെ മന്ത്രിയുടെ സ്റ്റാഫ് ജോലിയിൽ നിന്ന് ഉടൻ പിരിച്ചുവിടണം.
കൊലപാതക ശ്രമമാണ് എം - പി.യുടെ ഓഫീസിൽ നടന്നത്. ഇത് ആസൂത്രണം ചെയ്ത നേതാക്കളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും കെ.കെ. അബ്രഹാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.