സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ്: ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി
text_fieldsകായംകുളം: സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ് ഏജൻറായി മാറിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പുറത്താക്കി. ഡി.വൈ.എഫ്.ഐ കരീലക്കുളങ്ങര മുൻ മേഖല സെക്രട്ടറിയായ ഷാനിനെ പുറത്താക്കണമെന്ന സി.പി.എം സ്പിന്നിങ് മിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ശിപാർശക്ക് ഏറെ സമ്മർദങ്ങൾക്ക് ഒടുവിലാണ് ലോക്കൽ കമ്മിറ്റി അംഗീകാരം നൽകിയത്.
ജില്ല പഞ്ചായത്ത് അംഗമായ അഡ്വ. ബിബിൻ സി. ബാബുവിന്റെ പിന്തുണ വർധിപ്പിക്കാനായി ബി.ജെ.പിയിലേക്ക് പത്തിയൂരിൽ നിന്ന് സി.പി.എമ്മുകാരെ എത്തിച്ചത് ഇദ്ദേഹമാണെന്ന് പങ്കെടുത്തവർ വ്യക്തമാക്കിയത് സി.പി.എമ്മിന് നാണക്കേടായി മാറിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം വ്യക്തമായ സാഹചര്യത്തിൽ ഷാനിനെതിരെ കർശന നടപടി വേണമെന്ന് സ്പിന്നിങ് മിൽ ബ്രാഞ്ച് കമ്മിറ്റി തീരുമാനം എടുത്തിട്ട് മാസങ്ങളായിരുന്നു.
ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത കുടുംബം ഷാന് എതിരെ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ സി.പി.എം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സക്കീർ ഹുസൈൻ അടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതോടൊപ്പം കരീലകുളങ്ങരയിലെ പാർട്ടി അനുഭാവികളായ കുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതിന് ഷാൻ ഇടനിലക്കാരനായി എന്നായിരുന്നു ആരോപണം ഉയർന്നിരുന്നു.
തുടർന്ന് സി.പി.എം ലോക്കൽ കമ്മിറ്റി യോഗം കൂടി നടപടിക്കായി ബ്രാഞ്ച് കമ്മിറ്റിയോട് നിർദേശിച്ചെങ്കിലും ചില നേതാക്കളുടെ ഇടപെടൽ കാരണം പിൻവാങ്ങിയത് ചർച്ചയായിരുന്നു. ബ്രാഞ്ച് കമ്മിറ്റി ഏകകണ്ഠേന സ്വീകരിച്ച നടപടി അംഗീകരിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായി മാറി. കരീലകുളങ്ങരയിലെ പ്രമുഖ വ്യാപാരിയുടെ സ്വാധീനമാണ് ഇതിന് കാരണമായതെന്നായിരുന്നു ആക്ഷേപം. തുടർന്നുള്ള പാർട്ടി പരിപാടികൾ സ്പിന്നിങ് മിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം ബഹിഷ്കരിച്ചതോടെയാണ് നടപടിക്ക് നേതൃത്വം നിർബന്ധിതരായത്. മെമ്പർഷിപ്പ് സ്കൂട്ടണിയും ബ്രാഞ്ച് ബഹിഷ്കരിച്ചതും നേതൃത്വത്തെ സമ്മർദത്തിലാക്കാൻ കാരണമായി.
അതേസമയം ഡി.വൈ.എഫ്.ഐ മുൻ മേഖല സെക്രട്ടറിയും നിലവിൽ ജോയിൻറ് സെക്രട്ടറിയുമായിരുന്ന ഷാനെ ആഴ്ചകൾക്ക് മുമ്പ് സംഘടനാ വിരുദ്ധ നടപടികളെ തുടർന്ന് ഡി.വൈ.എഫ്.ഐയിൽ നിന്നും പുറത്താക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.