തീവ്രവാദി ആരോപണം ഡി.വൈ.എഫ്.ഐ തെളിയിക്കണം, അല്ലെങ്കിൽ പാർട്ടിയുമായുള്ള ബന്ധം വിടും - കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.
text_fieldsകാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട സമരത്തിനിടെ തനിക്കെതിരെ ഡിവൈ.എഫ്.ഐ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണമെന്നും അല്ലെങ്കിൽ പാർട്ടിയുമായുള്ള ബന്ധം വിടുമെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്. വാട്സാപ്പിൽ സ്റ്റാറ്റസിട്ടാണ് ബാബു പെരിങ്ങേത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
മൻസൂർ ആശുപതിയിലേക്ക് മാർച്ച് നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും, വേണ്ടി വന്നാൽ ഇനിയും തല്ലുമെന്നുമുള്ള ഡി.വൈ.എസ്.പിയുടെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ കാസർകോട് ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, ബാബു പെരിങ്ങേത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഡി.വൈ.എസ്.പി തീവ്രവാദികളിൽനിന്ന് പണം പറ്റി. മൻസൂർ ആശുപതി മാനേജ്മെന്‍റിൽനിന്നും അച്ചാരം വാങ്ങിയാണ് ഡി.വൈ.എസ്.പിയുടെ നടപടി. പൊലീസിൽ പുഴുക്കൂത്തുകളെ വെച്ച്പൊറുപ്പിക്കരുത്.... -എന്നിങ്ങനെയായിരുന്നു വിമർശനം. ഇതിനുപിന്നാലെയാണ് ഡി.വൈ.എസ്.പി വാട്സ്ആപിൽ നിലപാട് വ്യക്തമാക്കി സ്റ്റാറ്റസിട്ടിരിക്കുന്നത്.
തനിക്കെതിരെ തീവ്രവാദ ആരോപണമുന്നയിച്ചവർ തെളിവ് തരണം. ആരോപണങ്ങളുടെ സത്യാവസ്ഥ എനിക്ക് ഈ ലോകത്ത് ഏറ്റവും ചുരുങ്ങിയത് മൂന്നുപേരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് 11.1. 2025 വരെ സമയം തന്നിരിക്കുന്നു. അതുണ്ടായില്ലെങ്കിൽ 12.1.2025 ന് എന്റെ ചില വിശ്വാസങ്ങൾ, ചിന്തകൾ, അനുഭാവങ്ങൾ, സഹകരണങ്ങൾ, ബന്ധങ്ങൾ എല്ലാം എന്നന്നേക്കുമായി ഉപേക്ഷിക്കും.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്പത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് എന്റെ ഭാര്യ പറയും. എന്നെ മർദകൻ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാൻ സഹിക്കും. പക്ഷേ മേൽപറഞ്ഞ ആരോപണങ്ങൾ ഞാൻ സഹിക്കില്ല. സമര സമയത്ത് ഡി.വൈ.എഫ്.ഐ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾക്ക് അവർ തെളിവ് ഹാജരാക്കണം. എന്‍റെ ഫാമിലി എല്ലാ തരത്തിലുമുള്ള പാർട്ടി കൂറ് വിടാൻ മാനസികമായി തയാറെടുത്തിരിക്കുന്നു. ഇതൊരു വിഷമം പിടിച്ച തിരുമാനമാണ് എന്നറിയാം. പക്ഷെമാറ്റമുണ്ടാവില്ല. ആ നേതാക്കൾ ഉതിർത്തിട്ട വാക്കുകൾ എന്നെ കീറിമുറിച്ചിരിക്കുന്നു. ‘അച്ചാ..അവർ പറയുന്നത് ശരിയാണോ’ എന്ന നിഷ്കളങ്കമായ ഒരു ചോദ്യത്തിന്റെ മുനയേറ്റ് എന്‍റെ ഉള്ളിലുള്ളൊരാൾ പിടഞ്ഞു വീണിരിക്കുന്നു. വിശാലമായ പുരോഗമന ചിന്താഗതി ഇവിടെ ഞാൻ മടക്കി വെക്കുകയാണ്. ഇനി എന്റെ പരിസരങ്ങൾ മാത്രമാണ് എന്റെ പ്രശ്നം -ഡി.വൈ.എസ്.പി പറയുന്നു.
അതേസമയം, ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പ്രസംഗത്തിനെതിരെ ബാബു പെരിങ്ങേത്ത് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സൂചനയുണ്ട്. ചില നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.