ഡി.വൈ.എഫ്.ഐ ‘പോർക്ക് ചലഞ്ച്’ വൻ വിജയം: വിറ്റത് 517 കിലോ ഇറച്ചി
text_fieldsകോതമംഗലം: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടമായവർക്ക് സ്നേഹവീടുകൾ നിർമിക്കാൻ പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നടത്തിയ ‘പോർക്ക് ചലഞ്ച്’ വൻ വിജയം. ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പൽ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ 517 കിലോ ഇറച്ചിയാണ് വിൽപന നടത്തിയത്. കിലോക്ക് 375 രൂപ നിരക്കിലായിരുന്നു വിൽപന.
ചേലാട് മിനിപ്പടിയിൽ നടന്ന പോർക്ക് ചലഞ്ചിലെ ആദ്യവിൽപന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് നിർവഹിച്ചു. ജില്ല പ്രസിഡൻ്റ് അനീഷ് എം. മാത്യു, കെ.പി. ജയകുമാർ, ജിയോ പയസ് തുടങ്ങിയവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ ഏഴുമുതൽ ഉച്ച രണ്ടുവരെ നടത്തിയ പരിപാടിയിൽനിന്ന് ലഭിച്ച തുക സ്നേഹവീടുകൾക്കായി കൈമാറും.വയനാടിന് കരുത്ത് പകരാൻ നിരവധി ചലഞ്ചുകൾ സംഘടിപ്പിച്ചു വരികയാണെന്നും അതിന്റെ ഭാഗമായാണ് പന്നിമാംസം കൂടുതലായി ഉപയോഗിക്കുന്ന പ്രദേശത്ത് ചലഞ്ച് സംഘടിപ്പിച്ചതെന്നും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എൽദോസ് പോൾ പറഞ്ഞു.
കേരള പ്രവാസി സംഘം കോതമംഗലം ഏരിയ സെക്രട്ടറിയും സി.പി.എം മിനിപ്പടി ബ്രാഞ്ച് അംഗവുമായ എ.വി സന്തോഷ് സ്നേഹവീടുകളുടെ നിർമാണത്തിന് തന്റെ പറമ്പിലെ രണ്ട് മഹാഗണി വൃക്ഷങ്ങൾ ഡി.വൈ.എഫ്.ഐക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ജോ. സെക്രട്ടറി ആർ. അനിൽ കുമാർ ഏറ്റുവാങ്ങി.
പായസ ചലഞ്ച്, സ്ക്രാപ്പ് ചലഞ്ച് എന്നിവയിലൂടെയും മീൻ വിൽപന നടത്തിയും ചായക്കട നടത്തിയും ലക്ഷക്കണക്കിന് രൂപ ഡി.വൈ.എഫ്.ഐ വയനാടിന് വേണ്ടി സമാഹരിക്കുന്നുണ്ട്. വിവിധ മേഖലകളിൽ ബസുകളും ഓട്ടോറിക്ഷകളും തങ്ങളുടെ ദിവസവരുമാനം സ്നേഹവീടുകൾക്കായി മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.