വയനാടിന് കൈത്താങ്ങാവാൻ പന്നിയിറച്ചി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ
text_fieldsകോതമംഗലം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായ വയനാട് മേപ്പാടി ചൂരൽമല, മുണ്ടക്കൈ നിവസികൾക്ക് കൈത്താങ്ങേകാൻ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ‘റീബിൽഡ് വയനാട്’ കാമ്പയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് പന്നിയിറച്ചി വിൽപന നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ‘പോർക്ക് ഫെസ്റ്റ്’ സംഘടിപ്പിക്കുന്നുണ്ട്.
ആഗസ്റ്റ് 10ന് കാസർകോട് രാജപുരത്ത് നടത്തിയ പോർക്ക് ചലഞ്ച് വൻ വിജയമായിരുന്നു. 350 കിലോയിലേറെയാണ് അന്ന് വിറ്റുപോയത്. 380 രൂപ വിലയുള്ള പന്നിയിറച്ചി കിലോക്ക് 360 രൂപ നിരക്കിലായിരുന്നു വിതരണം. പലരും ഇതിൽ കൂടുതൽ തുക നൽകിയതായി ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷൈജിൻ ‘മാധ്യമം ഓൺലൈനോ’ട് പറഞ്ഞു. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ഈ ഇനത്തിൽ ലഭിക്കും. തുക വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗംലം മുനിസിപ്പല്‍ നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെയാണ് പന്നി ഇറച്ചി വില്‍പന. ‘ഇറച്ചി വാങ്ങൂ, പണം വയനാടിന്’ എന്ന ആശയവുമായി നടത്തുന്ന ചലഞ്ചിന് വൻ സ്വീകാര്യതയാണ് ഇവിടെയും ലഭിക്കുന്നത്. കിലോക്ക് 375രൂപ നിരക്കിൽ ഇതിനകം 500 കിലോയിലേറെ ഇറച്ചിക്ക് ഓർഡർ ലഭിച്ചതായി മേഖല സെക്രട്ടറി രഞ്ജിത്ത് ‘മാധ്യമം ഓൺലൈനോ’ട് പറഞ്ഞു. ഇന്നും നാളെയുമായി കൂടുതൽ പേർ ഇതുമായി സഹകരിക്കും. രണ്ട് ലക്ഷം രൂപയിൽ കൂടുതൽ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞപ്ര യൂണിറ്റ് കിലോയ്ക്ക് 350 രൂപയ്ക്കാണ് ഇറച്ചി നല്‍കുന്നത്.
അതിനിടെ, പന്നിയിറച്ചി ചലഞ്ചിനെതിരെ സമസ്‌ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി എന്ന തരത്തിൽ വ്യാജ പ്രചാരണവും ചിലർ അഴിച്ചുവിടുന്നുണ്ട്. ഒരുചാനലിെൻറ ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണം. ഇത്തരമൊരു പ്രസ്‌താവന ജിഫ്രി തങ്ങള്‍ നടത്തുകയോ വാര്‍ത്താ കാര്‍ഡ് തങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ചാനൽ വ്യക്തമാക്കി. തന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പന്നിയിറച്ചി ചലഞ്ചിനെതിരെ താന്‍ എന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്‌തിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതായി ചാനൽ വിശദീകരിച്ചു. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചാലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളെ വിളിക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു. നേരത്തെ പായസ ചലഞ്ചിലൂടയും സ്ക്രാപ്പ് ചലഞ്ചിലൂടെയും ലക്ഷക്കണക്കിന് രൂപ ഡി.വൈ.എഫ്.ഐ വയനാടിന് വേണ്ടി സമാഹരിച്ചിരുന്നു. മീൻ വിൽപന നടത്തിയും ചായക്കട നടത്തിയും വയനാടിനായി തുക കണ്ടെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.