യുവാക്കളെ കാണാൻ ഡി.വൈ.എഫ്.ഐ വീടുകളിലേക്ക്
text_fieldsകൊച്ചി: പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ യുവവോട്ടർമാരെ വീടുകളിലെത്തി കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ ഡി.വൈ.എഫ്.ഐ. ഈമാസം 20, 21 തീയതികളിലാണ് പ്രചാരണ പരിപാടിയെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. സംസ്ഥാന സർക്കാർ യുവാക്കൾക്കായി ചെയ്‌ത കാര്യങ്ങൾ വിവരിച്ച് 18 മുതൽ 28 വരെ നടത്തുന്ന പ്രചാരണത്തിെൻറ ഭാഗമാണിത്.
രണ്ടായിരത്തിലധികം വില്ലേജ് കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ പി.എസ്.സി വഴിയും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികളുടെ സമരപ്പന്തലിനടുത്ത് യൂത്ത് കോൺഗ്രസ് ആരംഭിച്ച സമരം ദുരുദ്ദേശ്യപരമാണെന്ന് റഹീം കുറ്റപ്പെടുത്തി. തല പൊട്ടി ചോരയൊലിക്കുന്ന ഉദ്യോഗാർഥികളുടെ ചിത്രം ഉണ്ടാക്കിയെടുക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന് നടത്തുന്ന ദുഷ്ടനീക്കമാണിത്.
പാചക വാതക വിലവർധനക്കെതിരെ 17ന് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അടുപ്പുകൂട്ടി സമരം നടത്തും. സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, കമ്മിറ്റി അംഗം സോളമൻ സിജു, ജില്ല സെക്രട്ടറി എ.എ. അൻഷാദ്, പ്രസിഡൻറ് പ്രിൻസി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.